ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
67 വയസ്സുകാരനായ രാധാകൃഷ്ണന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 452 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അതേസമയം, എതിര്‍സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീം കോടതി ജഡ്ജി ബി. സുദര്ശന് റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ജൂലൈ 21-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന രാധാകൃഷ്ണന് വിജയത്തിനുശേഷം സ്ഥാനം രാജിവെച്ചു. തുടര്‍ന്ന്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന് മഹാരാഷ്ട്രയുടെ അധിക ചുമതല നല്കി രാഷ്ട്രപതി ഉത്തരവിട്ടു. തമിഴന്ാട്ടില് നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവായ അദ്ദേഹം കോയമ്പത്തൂരില്‍ നിന്ന് രണ്ട് തവണ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.