ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ബി സുദര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാധാകൃഷ്ണന്റെ വിജയം. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജിവെച്ച സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെടുപ്പ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് നടന്നത്.
തിരഞ്ഞെടുപ്പില്‍ 767 പാര്‍ലമെന്റംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ സിപി രാധാകൃഷ്ണന്‍ 452 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. അതേസമയം, പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ബി സുദര്‍ശന്‍ റെഡ്ഡിക്ക് 350 വോട്ടുകള്‍ ലഭിച്ചു. 15 വോട്ടുകള്‍ അസാധുവായി.
ആകെ 781 അംഗങ്ങളുള്ള ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ 542 പേര്‍ ലോക്സഭയില്‍ നിന്നും 239 പേര്‍ രാജ്യസഭയില്‍ നിന്നുമുള്ള അംഗങ്ങളാണ്. എന്‍ഡിഎയ്ക്ക് 427 വോട്ടുകളും, പ്രതിപക്ഷത്തിന് 354 വോട്ടുകളുമാണ് ഇലക്ടറല്‍ കോളേജില്‍ ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 391 വോട്ടുകളാണ് ആവശ്യമായിരുന്നത്. ഭരണമുന്നണിക്കൊപ്പം ഏഴ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാര്‍ നിലകൊള്ളാനും സാധ്യതയുണ്ടായിരുന്നു.