നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണച്ചൂട് ഉയർന്നു. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളെല്ലാം ഇന്ന് പത്രിക സമർപ്പിക്കും. ഭരണവിരുദ്ധത ചൂണ്ടികാട്ടി യു.ഡി.എഫ് പ്രചരണം പുരോഗമിക്കുമ്പോൾ പാലായിലെ അട്ടിമറി ജയം മൂർച്ഛയില്ലാ ആയുധമാക്കാനാണ് എൽ.ഡി.എഫ് ശ്രമം. ആർ.എസ്.എസ് അതൃപ്തിയും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയപ്രശ്‌നങ്ങളും ബി.ജെ.പിക്കും തലവേദന കൂട്ടുന്ന ഘടകങ്ങളാണ്.
കാസർഗോഡ് മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി. കമറുദ്ദീൻ ഇന്ന്പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് വരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ എൻ സുരേന്ദ്രന് മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്. രാവിലെ പത്ത് മണിക്ക് മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് ആസ്ഥാനമായ ഉപ്പള സി.എച്ച് സൗധത്തിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് പത്രികാ സമർപ്പണത്തിനായി പുറപ്പെടുക. പ്രചരണത്തിന്‍റെ തുടക്കത്തിൽ തന്നെ മണ്ഡലത്തിൽ വലിയ രീതിയിലുള്ള ആവേശമാണ് ജനങ്ങളിൽ നിന്നും കാണാൻ കഴിയുന്ന തെന്ന് സ്ഥാനാർത്ഥി എം.സി കമറുദ്ദീന്‍ പറഞ്ഞു. മതേതര വിശ്വാസികളുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന് കമറുദ്ദീൻ നേരത്തെ പറഞ്ഞിരുന്നു. ഭാഷാന്യൂനപക്ഷങ്ങൾക്കിടയിലെ ജനസമ്മതിയാണ് കമറുദ്ദീനെ മണ്ഡലത്തിന് പ്രിയപ്പെട്ടവനാക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കായുള്ള പോരാട്ടം കമറുദ്ദീനിൽ നിന്ന് ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ.
മണ്ഡലത്തിലെ എൺമകജെ, പുത്തികെ, വോർക്കാടി, കുമ്പള അടക്കമുള്ള പഞ്ചായത്തുകള്‍ സ്ഥാനാര്‍ത്ഥി സന്ദർശിച്ച് പ്രമുഖ വ്യക്തികളുടെ അനുഗ്രഹം തേടി. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.
അരൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കുത്തിയതോട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാവിലെ 11.30 ഓടെ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തി വരണാധികാരിയായ പട്ടണക്കാട് ബി.ഡി.ഒയ്ക്ക് മുമ്പാകെയാണ് സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അതേസമയം യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഒക്ടോബർ രണ്ടിന് വൈകുന്നേരം 3 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രമുഖ യു.ഡി.എഫ് നേതാക്കൾ കൺവൻഷനിൽ പങ്കെടുക്കും.