ഉപതെരഞ്ഞെടുപ്പ്: കൊല്ലത്ത് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; രണ്ടിടത്തും ജയം

Jaihind Webdesk
Wednesday, December 8, 2021

 

തിരുവനന്തപുരം :  32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

ഇടുക്കി ജില്ല: ഇടുക്കി ജില്ലയിലെ രണ്ട് വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ യുഡിഎഫ് 240 വോട്ടുകൾക്ക് ജയിച്ചപ്പോൾ, ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാർഡിൽ ബിജെപി ഒരു വോട്ടിന് ജയിച്ചു. രാജാക്കാട് യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തിയപ്പോൾ ഇടമലക്കുടിയിൽ എൽഡിഎഫിന്‍റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ഉപതെരഞ്ഞെടുപ്പ് ഫലം ഇരു പഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല.

കോട്ടയം ജില്ല : മാഞ്ഞൂർ പഞ്ചായത്തിൽ 12–ാം സീറ്റിൽ യുഡിഎഫും കാണക്കാരി പഞ്ചായത്ത് 9–ാം വാർഡിൽ എൽഡിഎഫും ജയിച്ചു. മാഞ്ഞൂരിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കാണക്കാരി 9–ാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.

തൃശൂർ ജില്ല :  ഇരിങ്ങാലക്കുട ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 336 വോട്ടും യുഡിഎഫിന് 487 വോട്ടും ബിജെപി 18 വോട്ടും നേടി. ആകെ 841 വോട്ട് പോൾ ചെയ്തു.

പാലക്കാട് ജില്ല : ഓങ്ങല്ലൂർ പഞ്ചായത്തിലെ 8–ാം വാർഡ് (കർക്കിടകച്ചാൽ) എൽഡിഎഫ് നിലനിർത്തി.

എറണാകുളം ജില്ല : കൊച്ചി കോർപ്പറേഷനിൽ ഉപതിരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ബിന്ദു ശിവൻ യുഡിഎഫിലെ പിഡി മാർട്ടിനെ 687 വോട്ടിന് പരാജയപ്പെടുത്തി.  പിറവം നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന ഇടപ്പള്ളിച്ചിറ ഡിവിഷനിൽ എൽഡിഎഫിലെ ഡോ. അജേഷ് മനോഹർ യുഡിഎഫിലെ അരുൺ കല്ലറയ്ക്കലിനെ 26 വോട്ടിനു പരാജയപ്പെടുത്തി.

കാസർകോട് ജില്ല: കാഞ്ഞങ്ങാട് നഗരസഭ 30–ാം വാർഡിലേക്കു നടന്ന ഉപതzരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി. 116 വോട്ടിനാണ് വിജയം.

മലപ്പുറം ജില്ല : ഉപതെരഞ്ഞെടുപ്പ് നടന്ന 5 പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി.

കൊല്ലം ജില്ല : ഉപതെരഞ്ഞെടുപ്പ് നടന്ന കൊല്ലം ജില്ലയിലെ രണ്ട് ഗ്രാമ പഞ്ചായത്ത് സീറ്റുകളിലും യുഡിഎഫിന് ഉജ്വല വിജയം. ചവറയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന തേവലക്കര മൂന്നാം വാർഡിൽ ബിജെപി യുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചടക്കി. യുഡിഎഫ് സ്ഥാനാർത്ഥി ആർഎസ് പിയിലെ പ്രദീപ് കുമാർ 312 വോട്ടുകൾക്ക് വിജയിച്ചത്.
ചിതറ ഗ്രാമപഞ്ചായത്ത് സത്യമംഗലം വാർഡ് യുഡിഎഫിന് നിലനിർത്തി സിപിഎം ജില്ലാ സെക്രട്ടറിയുടെ വാർഡിലാണ് കോൺഗ്രസ് തുടർച്ചയായി വിജയക്കൊടി പാറിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ എസ് ആശ ഇവിടെ 16 വോട്ടിന് വിജയിച്ചു. ബിജെപി അംഗം അയോഗ്യനായതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ഇപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തായി. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.

തിരുവനന്തപുരം ജില്ല : തിരുവനന്തപുരം കോർപറേഷൻ വെട്ടുകാട് വാർഡിൽ എൽ‌ഡിഎഫിന്‍റെ ക്ലൈനസ് റൊസാരിയോ 1490 വോട്ടിന് വിജയിച്ചു. വിതുരയിൽ എൽഡിഎഫിന്‍റെ എസ്രവികുമാർ 45 വോട്ടുകൾക്ക് ജയിച്ചു.

*updating…