കൊല്ലത്ത് സിപിഎം വോട്ട് മറിച്ചെന്ന് സിപിഐ ; പാർട്ടി സ്ഥാനാർത്ഥികളുടെ തോല്‍വിയില്‍ അന്വേഷണം

Jaihind News Bureau
Sunday, December 20, 2020

 

കൊല്ലം : ജില്ലയില്‍ പലയിടത്തും സിപിഎം വോട്ട് മറിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയം അട്ടിമറിച്ചെന്ന ആരോപണവുമായി സിപിഐ. ഇതേക്കുറിച്ച് അടിയന്തരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം മണ്ഡലം കമ്മിറ്റികള്‍ക്കു നിര്‍ദ്ദേശം നല്‍കി.

പത്തനാപുരം, കുന്നിക്കോട്, ചാത്തന്നൂർ, ചടയമംഗലം, കുണ്ടറ തുടങ്ങിയ മേഖലകളിൽ പാർട്ടിക്ക് മികച്ച നേട്ടമുണ്ടാകാനായില്ല. കൊട്ടാരക്കര നഗരസഭയിൽ സിപിഐ അംഗങ്ങളുടെ അംഗസംഖ്യ പകുതിയായി കുറഞ്ഞു. കൊല്ലം കോർപറേഷനിൽ ഒരു സീറ്റ് കുറഞ്ഞു. കുണ്ടറ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലും നേട്ടമുണ്ടാക്കാനായില്ലെന്നും പാർട്ടി വിലയിരുത്തി.

ബിജെപി ജയിച്ചാലും സിപിഐ ജയിക്കേണ്ട എന്ന നിലപാട് സിപിഎം സ്വീകരിച്ചുവെന്ന ആരോപണവും താഴേത്തട്ടിലുണ്ട്.  എതിരാളികൾക്കു വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന നിലയിലേക്കു ചില സിപിഎം കേന്ദ്രങ്ങൾ പ്രവർത്തിച്ചുവെന്ന ആരോപണവും സിപിഐ നേതൃത്വത്തിനു മുന്നിലെത്തി. ഇതും പാർട്ടി പരിശോധിക്കും.