രാജ്യ തലസ്ഥാനം കൊവിഡിന്‍റെ പിടിയിലകപ്പെട്ടപ്പോള്‍ മുഴുവന്‍ സമയവും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബിവി ശ്രീനിവാസ്. രാജ്യത്തെ പിടിച്ചുലക്കുന്ന വിധം വീണ്ടും ആഞ്ഞടിക്കുകയാണ് കൊവിഡ്. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. രാജ്യത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോൾ രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരെ സഹായിക്കാന്‍ ശ്രീനിവാസ് എന്ന ചെറുപ്പക്കാരാനും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങള്‍ അഭിനന്ദനാർഹമാണ്.
മാർച്ച് ഏഴിനു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നാഷണൽ എക്സിക്യൂട്ടീവിൽ കൊവിഡിന്‍റെ രണ്ടാം വരവിന്‍റെ ഭീകരതയെ പറ്റിയും ജനങ്ങൾക്ക് പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ ശ്രമിക്കണമെന്നതിനെ പറ്റിയും ഞങ്ങളെ അദേഹം ബോധവാന്മാരാക്കി. അന്നെടുത്ത തീരുമാനങ്ങളും തയ്യാറെടുപ്പുകളുമാണ് ഇന്ന് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ബിവി ശ്രീനിവാസ് പറയുന്നു.
ട്വിറ്ററിൽ സഹായം തേടി കൈകൂപ്പിയവർ അനേകമാണ്. കിടക്കാൻ ബെഡില്ലെന്നും സഹായിക്കണമെന്നും കണ്ണീരോടെ കുറിച്ചവർക്ക് മിനിറ്റുകൾക്കുള്ളിൽ ബെഡ് സൗകര്യം ചെയ്തു കൊടുക്കാൻ ശ്രീനിവാസിന് കഴിഞ്ഞു. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡിസിവർ എന്ന മരുന്നിന്‍റെ ലഭ്യത കുറവ് സൂചിപ്പിച്ചു കൊണ്ട് ചികിത്സയിൽ കഴിയുന്നവർ അടക്കം ട്വീറ്റ് ചെയ്യുകയുണ്ടായി. നിമിഷങ്ങൾക്കുള്ളിൽ ആവശ്യമായ മരുന്ന് എത്തിച്ചു നൽകാൻ ശ്രീനിവാസിനും സഹപ്രവർത്തകർക്കും സാധിച്ചു.
ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗണിൽ കുടിയേറ്റ തൊഴിലാളികൾക്കും മറ്റുമായി ഭക്ഷണം നൽകാൻ കമ്മ്യൂണിറ്റി കിച്ചൻ തുറക്കുകയും ആയിരക്കണക്കിന് മനുഷ്യരുടെ വിശപ്പകറ്റാന്‍ യൂത്ത് കോൺഗ്രസിന് കഴിഞ്ഞു. മാസ്ക്, സാനിറ്റൈസർ, ഭക്ഷണം അടങ്ങിയ വലിയ സഹായമാണ് രണ്ടായിരത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയത്. ആയിരത്തോളം തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ ശ്രീനിവാസ് നയിക്കുന്ന യൂത്ത് കോൺഗ്രസ്സിന് സാധിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഇരുപതിനായിരം പേരിലേക്ക് ഇത് വരെ ഹോസ്പിറ്റൽ ബെഡ്, ഓക്സിജൻ, പ്ലാസ്മ, മെഡിസിൻ എന്നിവയുടെ രൂപത്തിൽ ബിവി ശ്രീനിവാസിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും സഹായം എത്തിച്ചേർന്നിരിക്കുന്നു. ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ് കർമ ഭടൻമാരാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിലും മറ്റും രാവും പകലും അധ്വാനിക്കുന്നത്.
മനുഷ്യ ജീവൻ രക്ഷിക്കാൻ ജീവിതം മാറ്റി വയ്ക്കുന്ന ശ്രീനിവാസിനെ പോലുള്ളവർ രാജ്യത്തെ യുവത്വത്തിന്‍റെ പ്രതീകമാണ്. നാട് പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴേല്ലാം പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായി ശ്രീനിവാസ് ഉണ്ടായിരിക്കും. മുമ്പ് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴും ഉരുളപൊട്ടലിൽ ഒരു നാട് വിറങ്ങലിച്ചുനിന്നപ്പോഴുമെല്ലാം
ഓടിയെത്തുകയും രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തത് ഏവരും കണ്ടതാണ്. രാജ്യം കണ്ട മികച്ച യുവ നേതാക്കളുടെ പട്ടികയിലെ അടയാളപ്പെടുത്തലായി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റായ ബി.വി ശ്രീനിവാസ് മാറുന്നു.