നൂറു രൂപ പെൻഷൻ കൂട്ടാതെ നുറു കാറുകൾ വാങ്ങുന്നത് ജനവിരുദ്ധം: കെ സുധാകരൻ എം പി

Jaihind News Bureau
Friday, February 7, 2025

നൂറു രൂപ ക്ഷേമ പെൻഷൻ കൂട്ടാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ 100 കാറുകൾ വാങ്ങുന്നത് അങ്ങേയറ്റം ജനവിരുദ്ധമാന്നെന്ന് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. വലിയ ആശ്വാസ നടപടികളൊക്കെ ഉണ്ടാകുമെന്ന് പ്രചാരണം നടത്തി മലപോലെ വന്ന് എലിപോലെ പോയ ബജറ്റാണിത്. ജനങ്ങളുടെ മേൽ അവസാനത്തെ ആണിയും അടിച്ച ശേഷമുള്ള പോക്കാണിത്. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സർക്കാർ 5 വർഷമായി ഒരു രൂപ പോലും ക്ഷേമ പെൻഷൻ കൂട്ടിയില്ല.

ഭൂമി സാധാരണക്കാർക്ക് ബാധ്യതയായിരിക്കുമ്പോഴാണ് ഭൂനി കുതി കുത്തനേ കൂട്ടിയത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയത് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് .സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് നിശബ്ദത പാലിച്ച് അവരെ വഞ്ചിച്ചു. അവരുടെ പല ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ്.

കിഫ്ബിയെ വരുമാനമുള്ളതാക്കി മാറ്റുമെന്ന പ്രഖ്യാപനം ടോൾ നടപ്പാക്കുന്നതിന്‍റെ മുന്നോടിയാണ്. അതിനെ ശക്തമായി എതിർക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു. പിണറായി വിജയന്‍റെ അവസാനത്തെ ബജറ്റാണിത് എന്നതു മാത്രമാണ് ഏക ആശ്വാസം. ഇനിയൊരു ബജറ്റ് അവതരിപ്പിക്കാൻ ഇടതുമുന്നണിക്ക് അവസരം നല്കില്ലെന്നു ഉറപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.