ബസ് ഡ്രൈവറുടെ മരണം കൊലപാതകം ; സുഹൃത്തുക്കള്‍ അറസ്റ്റില്‍

Jaihind Webdesk
Thursday, April 29, 2021

 

കോട്ടയം :  കറുകച്ചാൽ ചമ്പക്കരയിലെ സ്വകാര്യബസ് ഡ്രൈവറുടെ മരണം കൊലപാതകം.  സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് സ്വദേശികളും രാഹുലിന്‍റെ സുഹൃത്തുക്കളുമായ വിഷ്ണു,സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തിന് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെ 5.50-ഓടെയാണ് കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലിന്റെ (35) മൃതദേഹം തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപം സ്വന്തം കാറിനടിയിൽ കണ്ടത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെ ജോലി കഴിഞ്ഞെത്തിയ രാഹുൽ കൂട്ടുകാർക്കൊപ്പം നെടുംകുന്നത്ത് സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. 9.30ന് ഭാര്യ ശ്രീവിദ്യയുമായി സംസാരിച്ചു. പിന്നീട് വിളിച്ചപ്പോൾ രാഹുൽ ഫോൺ എടുത്തെങ്കിലും സംസാരിച്ചില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്.

കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നതാവാം മരണകാരണമെന്നാണ് പൊലീസടക്കം കരുതിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് സംഘത്തിന്‍റെ പരിശോധനയിലും അസ്വാഭികത തോന്നിയില്ല. എന്നാൽ, ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തിയത്.