Newyork bus accident| ന്യൂയോര്‍ക്കില്‍ ബസ് അപകടം: അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ബസില്‍ ഇന്ത്യക്കാരും

Jaihind News Bureau
Saturday, August 23, 2025

ന്യൂയോര്‍ക്കില്‍ ടൂര്‍ ബസ് അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ബഫല്ലോക്ക് കിഴക്ക് പെംബ്രോക്കിന് സമീപം ഇന്റര്‍‌സ്റ്റേറ്റ് 90-ല്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ന്യൂയോര്‍ക്ക് നഗരത്തിലേക്ക്് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

നയാഗ്രാ വെള്ളച്ചാട്ടത്തില്‍ നിന്ന് ന്യൂയോര്‍ക്ക് നഗരത്തിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് 12:30-ഓടെയാണ് അപകടം നടന്നതെന്ന് സ്റ്റേറ്റ് പോലീസ് മേജര്‍ ആന്ദ്രെ റേ അറിയിച്ചു. ഡ്രൈവര്‍ക്ക് ശ്രദ്ധ തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് നീങ്ങിയ ശേഷം ബസ് മറിയുകയായിരുന്നു.

അപകടത്തില്‍ ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയും ജനലുകള്‍ തകരുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീണു. യാത്രക്കാരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. ഇന്ത്യക്കാരെ കൂടാതെ ചൈനീസ്, ഫിലിപ്പിനോ വംശജരും ബസില്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.