തൃശൂർ: കണിമംഗലത്ത് ബസ് അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. രണ്ടാളുടെ നില ഗുരുതരം. ബസ് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ക്രൈസ്റ്റ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെയായതിനാൽ നല്ല തിരക്കുണ്ടായിരുന്നു. സ്കൂൾ – കോളേജ് വിദ്യാർത്ഥികളും ഓഫീസ് ജീവനകാരും അടക്കം അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. റോഡ് പണി നടക്കുന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്. റോഡിന്‍റെ ഒരു വശം മാത്രം കോൺക്രീറ്റ് ചെയ്തിരുന്നു. ഇപ്പോൾ താത്കാലികമായി പണി നിർത്തി വെച്ചിരിക്കുകയാണ്. ഈ ഭാഗത്ത് നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ തന്നെ സമീപത്തുള്ള എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂബിലി മിഷൻ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കും പരിക്കേറ്റവരെ വേഗത്തിൽ എത്തിച്ചു.
അപകടമുണ്ടായ ഭാഗത്ത് റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണ്. റോഡ് ശോച്യാവസ്ഥയിലാണെങ്കിലും ബസുകൾ അമിത വേഗതയിലാണ് പോകുന്നതെന്നും നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.