ഇടുക്കിയില്‍ ബസപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Jaihind Webdesk
Sunday, January 1, 2023

 

ഇടുക്കി: പുതുവര്‍ഷത്തില്‍ ഇടുക്കിയെ നടുക്കി വാഹനാപകടം. തിങ്കൾക്കാടുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിയ മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടുക്കി കല്ലാര്‍കുട്ടി മൈലാടുംപാറ റൂട്ടില്‍ തിങ്കള്‍കാട്ടില്‍ നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല്‍പ്പത്തിനാല് പേരെ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. നേരം പുലർന്നതിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ബസിനടിയിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. തിരൂര്‍ റീജിയണല്‍ കോളേജില്‍ നിന്നും വിനോദ യാത്രയ്ക്കായിട്ടെത്തിയ വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കല്ലാര്‍കുട്ടി മൈലാടുംപാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപം കുത്തിറക്കവും കൊടും വളവുമായ ഇവിടെ നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

 

 

വെളിച്ചക്കുറവും ഏറെ ദുഷ്കരവുമായിരുന്ന പ്രദേശത്ത് രണ്ട് മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ് ഇയാളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഐഎഎസ് എന്നിവര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. വീതി കുറഞ്ഞ റോഡിലെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണം പ്രദേശത്ത് അപകടങ്ങള്‍ നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ആരോപിച്ചു. എതിര്‍ വശത്തേക്കായിരുന്നു ബസ് മറിഞ്ഞിരുന്നെങ്കില്‍ ആയിരക്കണക്കിനടി താഴ്ചയിലേയ്ക്ക് പതിച്ച് വലിയ ദുരന്തത്തിന് വഴിയൊരുക്കുമായിരുന്നു എന്നും നാട്ടുകാർ പറയുന്നു.