ബുര്‍ജ് ഖലീഫയില്‍ ഇന്ന് യു.എ.ഇ സമയം രാത്രി 8.10 ന് ഇന്ത്യന്‍ ത്രിവര്‍ണ പതാക തെളിയും

Jaihind News Bureau
Sunday, January 26, 2020

 

ദുബായ് : ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്‌ളിക്ക് ദിനാഘോഷത്തോടനുബന്ധിച്ച്, ലോകാത്ഭുതമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാക നിറത്തില്‍ വര്‍ണങ്ങള്‍ വിരിയും. ഇന്ന് ( ജനുവരി 26, ഞായര്‍) യു.എ.ഇ സമയം രാത്രി 8.10 നാണ് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ വിളക്ക് അണിയുക. ഇതുസംബന്ധിച്ച ഒരുക്കങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ പൂര്‍ത്തിയായി.

അതേസമയം ദുബായ് ഉള്‍പ്പടെയുള്ള ഗള്‍ഫ് നഗരങ്ങളില്‍ വിവിധ പരിപാടികളോടെ ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്‌ളിക്ക് ദിനം ആഘോഷിച്ചു. ആഘോഷങ്ങളില്‍ മലയാളികളും സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിച്ചു. യു.എ.ഇ തലസ്ഥാനമായ അബുദാബിയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് അംബാസിഡര്‍ പവന്‍ കുമാര്‍ പതാക ഉയര്‍ത്തി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി.