കേന്ദ്രസര്‍ക്കാരിന് ബംപര്‍ ; 2.69 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം നല്‍കാന്‍ ആര്‍ബിഐ

Jaihind News Bureau
Saturday, May 24, 2025

rbi

കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (202425) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് ബംപര്‍ ലാഭവിഹിതം കൈമാറാന്‍ തീരുമാനിച്ചത്.

2024-2025 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് മിച്ചമായി 2,68,590.07 കോടി രൂപ കൈമാറാന്‍ അംഗീകാരം നല്‍കിയതായി ബോര്‍ഡ് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ആര്‍ബിഐ പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ കൈമാറിയ 2.11 ലക്ഷം കോടി രൂപ മിച്ചത്തേക്കാള്‍ 27 ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ ലാഭവിഹിതം. ആര്‍ബിഐയില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം 2.56 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.

ഇന്നലെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷയതില്‍ കൂടിയ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നടപ്പുവര്‍ഷം (2025-26) ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 5.6 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം.

അടിയന്തര സാഹചര്യമുണ്ടായാല്‍ ആര്‍ബിഐ കരുതി വയ്ക്കുന്ന സഞ്ചിത നിധിയുടെ പരിധി ആര്‍ബിഐ ബാലന്‍സ് ഷീറ്റിന്റെ 7.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സിആര്‍ബി അനുപാതം ഉയര്‍ത്തിയിട്ടും കേന്ദ്രത്തിന് ബംപര്‍ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞത് വരുമാനത്തില്‍ കുതിപ്പുണ്ടായതുവഴിയാണ്. റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന (2,68,590.07 കോടി രൂപ) പ്രത്യേകതയുമുണ്ട്.

ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് റിസര്‍വ് ബാങ്ക് പൂര്‍ണമായും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന അടിയന്തര വായ്പകളില്‍ നിന്നുള്ള പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം, കരുതല്‍ വിദേശനാണയ ശേഖരത്തില്‍ നിന്നുള്ള ഡോളര്‍ വിറ്റഴിക്കല്‍ എന്നിവ വഴിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ഇതില്‍ നിന്ന് ചെലവ് കിഴിച്ചുള്ള തുകയാണ് വരുമാന സര്‍പ്ലസ്.