ബിജെപിയുടെ ബുള്‍ഡോസർ രാഷ്ട്രീയം ഗുജറാത്തിലും ; ചെറുകടകളും കൂരകളും പൊളിച്ചടുക്കി

Jaihind Webdesk
Tuesday, April 26, 2022

ന്യൂഡല്‍ഹി: ജഹാംഗീർ പുരിയില്‍ സാധാരണക്കാരുടെയും ന്യൂനപക്ഷങ്ങളുടേയും കൂരകള്‍ പൊളിച്ചതിന് പിന്നാലെ  ഗുജറാത്തിലെ ഹിമ്മത് നഗറിലും ബിജെപിയുടെ ബുള്‍ഡോസർ രാഷ്ട്രീയം ഇടച്ചുകയറ്റുന്നു. രാമ നവമി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ മേഖലയിലെ  കെട്ടിടങ്ങളാണ് ജില്ലാഭരണകൂടം പൊളിച്ച് നീക്കിയത്. ബുൾഡോസറുകൾ എത്തിച്ചായിരുന്നു പൊളിക്കൽ.

രാമ നവമി ആഘോഷങ്ങൾക്കിടെ ഏപ്രിൽ 10നാണ് ഹിമ്മത് നഗറിൽ രണ്ട് മതവിഭാഗക്കാർ ഏറ്റുമുട്ടിയത്. ആഘോഷങ്ങളുടെ ഭാഗമായുള്ള രഥയാത്രയ്ക്കിടെയായിരുന്നു സംഭവം. കല്ലേറും പെട്രോൾ ബോംബെറുമെല്ലാം ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പോലീസ് അക്രമം അമർച്ച ചെയ്തത്. ഇതേരീതിയിൽ ആക്രമ സംഭവങ്ങളുണ്ടായ ജഹാംഗീർ പുരിയിലേതിന് സമാനമായ രീതിയിൽ ബുൾഡോസറുകൾ എത്തിച്ചാണ് ജില്ലാ ഭരണകൂടം ഇവിടുത്തെ അനധികൃത കെട്ടിടങ്ങൾ രാവിലെ പൊളിച്ച് മാറ്റിയത്.

ചെറുകടകളും കുടിലുകളും പൊളിച്ചവയിലുണ്ട്. നഗരവികസനത്തിന്‍റെ ഭാഗമായി റോഡ് വികസിപ്പിക്കാനുള്ള പദ്ധതി അനന്തമായി നീണ്ട് പോവുകയായിരുന്നെന്ന് മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നു. മുടങ്ങിക്കിടന്ന പദ്ധതി തുടങ്ങിയെന്ന് മാത്രമേ ഉള്ളൂ എന്ന് അവർ വിശദീകരിക്കുന്നു. രാമ നവമി സംഘർഷങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടന്ന് ജില്ലാ ഭരണകൂടവും പറയുന്നു.