ബഫർ സോണ്‍: സർക്കാർ റിവ്യൂ ഹര്‍ജി കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കി ചിത്രീകരിക്കുന്നതെന്ന് പ്രതിപക്ഷം

Jaihind Webdesk
Thursday, September 1, 2022

 

തിരുവനന്തപുരം: ബഫർ സോണിൽ സർക്കാർ പാരിസ്ഥിതിക അഭയാർത്ഥികളെ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം. ബഫർസോൺ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിവ്യൂ ഹർജിയിൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചു എന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. എന്നാൽ സർക്കാർ നിലപാട് കുടിയേറ്റക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതാണെന്ന് നിയമമന്ത്രി പി രാജീവ് മറുപടി നൽകി.

ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ അതിശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. 2019 ലെ മന്ത്രിസഭാ തീരുമാനപ്രകാരം ഒരു കിലോമീറ്റർ ബഫർ സോൺ എന്നത് കേരളത്തിന് തിരിച്ചടിയായെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. ഹർജിയിൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി സർക്കാർ ചിത്രീകരിച്ചു. വനം കയ്യേറിയവർക്ക് പട്ടയം നൽകേണ്ടിവന്നു എന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ലെന്നും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ മാത്യു കുഴൽനാടൻ ആരോപിച്ചു.

കുടിയേറ്റക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാട് എന്നായിരുന്നു നിയമമന്ത്രി പി രാജീവിന്‍റെ മറുപടി. സുപ്രീം കോടതി വിധിക്കെതിരെ കോടതിയെ സമീപിച്ചത് കേരളം മാത്രമാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. 2019 ലെ അവ്യക്തതകൾ നിറഞ്ഞ ഉത്തരവ് പിൻവലിക്കുന്നത് സർക്കാർ ദുരഭിമാനമായി കാണുന്നുവെന്നും ഇത് തിരിച്ചടിയുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ജനകീയ വിഷയങ്ങളിൽ പ്രതിപക്ഷം രാഷ്ട്രീയ നേട്ടം ആഗ്രഹിക്കുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.