കേരളത്തിന്‍റെ പേര് പോലും പരാമര്‍ശിച്ചില്ല; ബജറ്റ് നിരാശാജനകം: പ്രതികരണവുമായി കേരളത്തിലെ എംപിമാർ

 

തിരുവനന്തപുരം: ബജറ്റ് നിരാശാജനകമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. കേരളത്തെ കുറിച്ച് പരാമര്‍ശം പോലുമില്ലാത്ത ബജറ്റെന്നും പക്ഷപാതപരമായ ബജറ്റെന്നും എംപിമാര്‍ വിമര്‍ശിച്ചു. നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത് രാജ്യത്തിന്‍റെ ഒരു മേഖലയും നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കൈകളില്‍ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബജറ്റ് ആണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു. പ്രധാനവിഷയങ്ങളെ കുറിച്ച് ഒന്നും പരാമര്‍ശിക്കാത്ത ബജറ്റെന്ന് ശശി തരൂര്‍ എംപി. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ബീഹാറിനെയും ആന്ധ്രയെയും പരിഗണിച്ചത്. മറ്റ് സംസ്ഥാനങ്ങളെ ബജറ്റില്‍ അവഗണിച്ചെന്നും ശശി തരൂർ പറഞ്ഞു.

കര്‍ഷകരെ ദ്രോഹിക്കുന്ന ബജറ്റെന്ന് ആന്‍റോ ആന്‍റണിയും പ്രതികരിച്ചു. കേരളത്തിലെ കര്‍ഷകരെ അവഗണിക്കുന്നതാണ് ബജറ്റ്. കോര്‍പ്പറേറ്റുകള്‍ക്ക് ഗുണകരമാകുന്ന ബജറ്റാണ് ഇതെന്ന് ആന്‍റോ ആന്‍റണി എംപി പ്രതികരിച്ചു. സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത ബജറ്റാണ് ഇതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. സാധാരണക്കാരെ തഴഞ്ഞ ബജറ്റാണ് ഇതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേർത്തു.

ഒരു വിസിറ്റിംഗ് ധനകാര്യ മന്ത്രി പദവിയുണ്ടാക്കി ആന്ധ്രയിലോ ബീഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നു എന്ന് ഷാഫി പറമ്പില്‍ എംപി പരിഹസിച്ചു. യൂണിയന്‍ ബജറ്റെന്ന് അവകാശപ്പെടാവുന്ന ഒരു ഉള്ളടക്കവും ബജറ്റില്‍ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിന്‍റെ പേര് പോലും പരാമര്‍ശിക്കാത്ത ബജറ്റ് നിരാശാജനകമെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. വളരെ സങ്കുചിതമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് നിരാശാ ജനകമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. പക്ഷപാതപരമായ ഒരു ബജറ്റാണ് അവതരിപ്പിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. പുതിയ പ്രഖ്യാപനങ്ങളോ പുതിയ ഒരു പദ്ധതിയോ ഇല്ലാത്ത ബജറ്റാണ് ഇത്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ബജറ്റല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ കേരളത്തെക്കുറിച്ച് പരാമർശിക്കുകപോലും ചെയ്യാതെ മലയാളികളെ മന്ത്രി അപമാനിച്ചെന്ന് അഡ്വ ഹാരിസ് ബീരാൻ എംപി കുറ്റപ്പെടുത്തി. ബീഹാറിനും ആന്ധ്രക്കും നിരവധി പദ്ധതികൾ നൽകിയപ്പോൾ കേരളത്തെ പരിഗണിച്ചതു പോലുമില്ല. എൻഡിഎ മുന്നണിയുടെ കെട്ടുറപ്പിനായി തയാറാക്കിയ ബജറ്റ്  തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് മന്ത്രി അവതരിപ്പിച്ചതെന്നും പൊതു തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി കേരളത്തിൽ നേരിട്ടെത്തി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം വെറും വാക്കുകളാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും എംപി കൂട്ടിചേർത്തു. ഇത്തവണത്തെ കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകവും തങ്ങൾ ഭരിക്കുന്നതും തങ്ങളുടെ സഖ്യകക്ഷികൾ ഭരിക്കുന്നതുമായ സംസ്ഥാനങ്ങൾക്ക് മാത്രം വാരിക്കോരി പദ്ധതികൾ നൽകുന്ന പ്രീണന ബജറ്റുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

കേന്ദ്ര സർക്കാർ തുടർച്ചയായി കേരളത്തെ അവഗണിച്ച് അപമാനിക്കുകയാണെന്നും അതിന്‍റെ തുടർച്ചയാണ് ഇന്നത്തെ കേന്ദ്ര ബജറ്റെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കേരളത്തിൽ നിന്ന് ഉള്ള കേന്ദ്ര മന്ത്രിമാർക്ക് സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.  ബജറ്റിൽ കേരളത്തെ തഴഞ്ഞ കേന്ദ്ര സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment