ന്യൂ ഡൽഹി : നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാമത്തെ സമ്പൂർണ്ണ ബജറ്റ് കേവലം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളെ മുന്നിൽക്കണ്ടത് മാത്രമാണെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. ഇന്ത്യാ രാജ്യത്തെ പൊതുവായി കാണുന്നതിന് വേണ്ടിയിട്ടുള്ള കാഴ്ചപ്പാടുകൾ ഒന്നും തന്നെ ഈ ബഡ്ജറ്റിൽ ഇല്ല. കേന്ദ്ര ബജറ്റിന്റെ വിഹിതം പങ്കിടുമ്പോൾ ചില പ്രത്യേക സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രം വാരിക്കോരി കൊടുക്കുന്ന സമീപനമാണ് ബിജെപി സർക്കാർ ആവർത്തിച്ചു വരുന്നത്. കേരളത്തിനെ സംബന്ധിച്ച് കേരളത്തിന് പൊതുവായി ലഭിക്കേണ്ട ആനുകൂല്യങ്ങളിലേക്കൊന്നും ബജറ്റ് വിരൽ ചൂണ്ടയിട്ടില്ല. കേരളത്തിന്റെ റെയിൽവേയുടെ കാര്യത്തിൽലും, വയനാട് പാക്കേജിലുമടക്കം പരാമർശങ്ങൾ ഒന്നുംതന്നെ ബജറ്റിൽ ഉണ്ടായിട്ടില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ഇൻകം ടാക്സ് പരിധി 12,00000 രൂപയാക്കി ഉയർത്തിയത് മധ്യവർഗ്ഗത്തിന് അനുകൂലമായ ഒരു തീരുമാനമാണ്. അതൊഴിച്ച് വേറെ യാതൊരു വിധ ജനോപകാര പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായിട്ടില്ല. മറ്റു മേഖലയെ പരിശോധിക്കുമ്പോൾ ബജറ്റ് ഏറെ നിരാശാജനകമാണ്. കാർഷിക മേഖലയിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരായ തോട്ടം മേഖലയെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. കാർഷിക മേഖലയിലെ പുതിയ നവീകരണങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ഒന്നും തന്നെ ബജറ്റിലില്ലെന്നും, കർഷകരുടെ അധ്വാന ഫലമായി ഉണ്ടാകുന്ന വികസനങ്ങൾക്കും നേട്ടങ്ങൾക്കും പ്രോത്സാഹനം കൊടുക്കത്തക്ക രീതിയിലുള്ള ഒന്നും ബജറ്റിൽ ഇടം പിടിക്കാതെ പോയതായും എം പി കുറ്റപ്പെടുത്തി. ഒപ്പം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് രംഗത്ത് തീർത്തും നിഷ്ക്രിയത്തമാണ് ഈ സർക്കാർ കാണിച്ചിരിക്കുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.