മനസാക്ഷിയെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും കൊടും ക്രൂരത; പത്തു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്നു

Jaihind Webdesk
Friday, June 28, 2024

 

ന്യൂഡൽഹി: രാജ്യത്തെ നടുക്കി വീണ്ടും ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം. വടക്കൻ ഡൽഹിയിൽ പത്തു വയസുകാരിയെ അയൽവാസികൾ കൂട്ടബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്നു. തല തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ (20), ദേവ് ദത്ത് (30) എന്നിവരാണ് പിടിയിലായത്.

പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ഒറ്റപ്പെട്ട സ്ഥലത്ത് തല തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നരേല പോലീസ് സ്റ്റേഷൻ പരിസരത്താണ് കൊടും ക്രൂരത അരങ്ങേറിയത്. കുഞ്ഞിനെ കാണാതെ വന്നതോടെ രക്ഷിതാക്കള്‍ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവി കുമാർ പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം തല തകർന്ന നിലയിൽ കണ്ടെത്തിയത്.

അയൽവാസിയായ രാഹുൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പത്തുവയസുകാരിയെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത്. പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെയും സുഹൃത്ത് ദേവ്ദത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാത്സം​ഗം എന്നിവയും പോക്സോയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.