ഗുണ്ടാ കുടിപ്പക: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; കാല്‍ പാദം വെട്ടിമാറ്റി പ്രദര്‍ശിപ്പിച്ചു

Jaihind Webdesk
Thursday, October 7, 2021

കോട്ടയം : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് കോട്ടയം കങ്ങഴയിൽ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാനാണ് മരിച്ചത്. കൊലയ്ക്ക് ശേഷം കാൽപാദം അറുത്തുമാറ്റി വഴിയരികിൽ പ്രദർശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേർ കീഴടങ്ങി.

കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊല്ലപ്പെട്ട മനേഷും പ്രതികളും ഗുണ്ടാ സംഘങ്ങളിൽ ഉൾപ്പെട്ടവർ ആണെന്നാണ് സൂചന. മുൻ വൈരാഗ്യവും കുടിപ്പകയും കൊലയ്ക്ക് കാരണമായിട്ടുണ്ടെന്ന് പ്രാഥമിക വിലയിരുത്തൽ. കീഴടങ്ങിയ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കറുകച്ചാലിന് സമീപം ഇടയപ്പാറ കവലയിൽ ഉച്ചയോടെ വെട്ടിയിട്ട നിലയിൽ കാൽപാദം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കിലോമീറ്റർ അകലെ നിന്ന് പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടിടങ്ങളിലായി മൃതദേഹ അവശിഷ്ടങ്ങൾ തള്ളിയെന്ന് തിരിച്ചറിഞ്ഞതോടെ കറുകച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ പ്രതികള്‍ കീഴടങ്ങുകയായിരുന്നു. മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റ് പ്രതികൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.