നാലര പവന്‍ സ്വര്‍ണത്തിനു വേണ്ടി നടത്തിയ ക്രൂര കൊലപാതകം; വിനീത വധക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

Jaihind News Bureau
Thursday, April 10, 2025

അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വര്‍ണ മാല തട്ടിയെടുക്കാനായി വിനീതയെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. കേസില്‍ കോടതി വിധി പ്രസ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോര്‍ട്ട് അടക്കം തേടിയിരിക്കുകയാണ്.

അമ്പലമുക്ക് കുറവന്‍കോണം റോഡിലെ അലങ്കാര ചെടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന വിനീതയെ രാജേന്ദ്രന്‍ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വിനീതയുടെ സ്വര്‍ണമാല ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്. വിനിതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ സ്വര്‍ണമാലയുമായി രക്ഷപ്പെട്ട പ്രതിയെ 2022 ഫെബ്രുവരി 11 ന് തിരുനല്‍വേലിക്ക് സമീപമുള്ള കാവല്‍ കിണറില്‍ നിന്ന്് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബര്‍ ഫോറന്‍സിക് തെളിവുകളും, സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേസില്‍ 96 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി ഉള്‍പ്പടെ 222 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.