തിരുവനന്തപുരം: തിരുമലയില്‍ ബിജെപിയുടെ കോര്പറേഷന് കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തസംഭവം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളെ സാക്ഷിയാക്കി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മര്‍ദനത്തെ വിശേഷിപ്പിക്കാന്‍ ഗുണ്ടായിസമെന്നല്ലാതെ മറ്റൊരു പേരില്ല. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.
24 ക്യാമറമാന് രാജ്കിരണിനും മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സഫ്വാനും മര്‍ദനമേറ്റു. ന്യൂസ് 18, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ ടിവി ക്യാമറാമാന്മാരെയും മര്‍ദിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം പിടിച്ചുതള്ളി. ന്യൂസ് മലയാളത്തിന്റെയും മാതൃഭൂമിയുടെയും വനിതാ റിപ്പോര്‍ട്ടര്‍മാരെ കയ്യേറ്റം ചെയ്തു. KUWJ ജില്ലാ ട്രഷറര്‍ കൂടിയായ ദേശാഭിമാനിയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ജി. പ്രമോദിന്റെ ക്യാമറ തകര്‍ത്തു. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു. ഡിജിപിക്ക് പരാതി നല്‍കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.