അമേരിക്കയില്‍ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം വെടിവയ്പ്പ്: രണ്ട് മരണം, എട്ട് പേര്‍ക്ക് പരിക്ക്

Jaihind News Bureau
Sunday, December 14, 2025

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം നടന്ന വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റോഡ് ഐലന്‍ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ പ്രൊവിഡന്‍സില്‍, പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനായ ഒരു പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വെടിവയ്പ്പിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ പൊലീസ് ജാഗ്രത തുടരുകയാണ്.

ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ആക്രമണ സമയത്ത് പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ കാമ്പസിലുണ്ടായിരുന്നു.

സംഭവം ഭയപ്പടുത്തുന്നതെന്ന് ്‌മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇരകള്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂവെന്നും സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഎസിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സര്‍വകലാശാലകളില്‍ ഒന്നാണ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി. നോര്‍ത്ത് ഈസ്റ്റേണ്‍ യുഎസിലെ ഉന്നത സര്‍വകലാശാലകളുടെ കൂട്ടായ്മയായ ഐവി ലീഗിന്റെ ഭാഗമാണ് ഈ സ്ഥാപനം.