Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരനും രോഗബാധ; നാല് പേര്‍ ചികിത്സയില്‍

Jaihind News Bureau
Thursday, August 21, 2025

കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മരണപ്പെട്ട കുട്ടിയും സഹോദരനും വീടിനടുത്തുള്ള ഒരു കുളത്തില്‍ കുളിച്ചിരുന്നു. ഈ കുളത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാല് പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ഈ കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ്സ് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി വീടിനടുത്തുള്ള തോട്ടിലും കായണ്ണയിലെ ഒരു ടര്‍ഫിനോട് ചേര്‍ന്ന പൂളിലും കുളിച്ചിരുന്നു. ഈ സ്ഥലങ്ങളിലെ ജലസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കും.

ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. അന്നശ്ശേരി സ്വദേശിയായ 49 വയസ്സുകാരന്റെ ആരോഗ്യനിലയിലും കാര്യമായ മാറ്റമില്ല. അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധന നടത്തി. രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങളിലും സംഘം പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.