ജോണ്‍ ബ്രിട്ടാസ് ‘ദല്ലാള്‍’; ബിജെപി-സിപിഎം ‘ഭായി ഭായി’: അവിശുദ്ധ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, December 4, 2025

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിനും കേന്ദ്ര സര്‍ക്കാരിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസാണെന്നും ഇത് ബിജെപി-സിപിഎം അവിശുദ്ധ ബന്ധത്തിന്റെ ഉപഹാരമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ.

ജോണ്‍ ബ്രിട്ടാസ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തിന്റെ ദല്ലാളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന് എംപി സ്ഥാനം ലഭിച്ചത് അതിന്റെ ഉപഹാരമായിട്ടാണെന്നും ചെന്നിത്തല ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനുള്ള പാലമായും ബ്രിട്ടാസ് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലെ ഗൂഢാലോചന ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പാലമായി ബ്രിട്ടാസ് പ്രവര്‍ത്തിച്ചു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ ആവിയാകുന്നത്,’ ചെന്നിത്തല പറഞ്ഞു.

’10 വര്‍ഷമായുള്ള സിപിഎം ബിജെപി അന്തര്‍ധാരയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏഴായിരത്തോളം സീറ്റില്‍ ബിജെപി മത്സരിക്കുന്നില്ല. ഈ സീറ്റുകളില്‍ ബിജെപി-സിപിഎം ‘ഭായി ഭായി’ കളിക്കുന്നു.’

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്ത ഊഴം മന്ത്രിമാരിലേക്കാണെന്ന് ചെന്നിത്തല ആരോപിച്ചു. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ കൈകള്‍ വ്യക്തമാണ്. അന്തര്‍ദേശീയ മാര്‍ക്കറ്റിലെ അധോലോകസംഘം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലുണ്ടെന്നും ഇത് 500 കോടിയിലേറെ വരുന്ന ഇടപാടാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ എസ്‌ഐറ്റി അന്വേഷണം നടത്തണം. ഇതിനായി പ്രത്യേക അന്വേഷണ സംഘം തലവന് കത്ത് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്, ഈ മൗനം ദുരൂഹമാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞ ദൈവതുല്യന്‍ ആര് എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുല്‍ കേസും തിരഞ്ഞെടുപ്പും

രാഹുല്‍ കേസുമായി ബന്ധപ്പെട്ട്, ‘പാര്‍ട്ടി എന്ന നിലയില്‍ സ്വീകരിക്കാവുന്ന എല്ലാ നിലപാടുകളും സ്വീകരിച്ചു. അത് വ്യക്തിയുടെ അപചയവുമായി ബന്ധപ്പെട്ട സംഭവമാണ്.’ എന്നും ചെന്നിത്തല പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇത്തരം സംഭവമുണ്ടാകുമ്പോള്‍ പരാതികള്‍ പാര്‍ട്ടി കോടതിയില്‍ വിടുന്നതാണ് സിപിഎം ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.