ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; മത്സരം ബോറിസ് ജോൺസണും ജെറമി ഹണ്ടും തമ്മില്‍

Tuesday, July 23, 2019

ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കൺസർവേറ്റീവ് പാർട്ടി നേതാക്കളായ ലണ്ടൻ മുൻ മേയർ ബോറിസ് ജോൺസണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾ നാളെ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.

തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രക്‌സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്. ബ്രിട്ടനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന എണ്ണക്കപ്പൽ പ്രതിസന്ധിയും പുതുയ പ്രധാനമന്ത്രിക് പ്രധാന വെല്ലുവിളിയാകും.

ബ്രക്‌സിറ്റ് ചർച്ചകളിൽ പോറലേറ്റ യൂറോപ്യൻ ബന്ധവും ആണവകരാറും ബ്രിട്ടിഷ് അംബാസഡറുടെ ഇമെയിൽ വിവാദവും വരുത്തിവച്ച അമേരിക്കയുടെ അനിഷ്ടം തിരിച്ചടിയാകാനാണ് സാധ്യത. പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കടുത്ത വലതുപക്ഷക്കാരനായ ബോറിസ് ജോൺസണോട് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുകളുണ്ട്. പ്രതിപക്ഷവും ഇടഞ്ഞാണ് നിൽക്കുന്നത്.

അതേസമയം, പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നതിന്‍റെ പിറ്റേന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ലേബർ പാർട്ടി. 14 ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചില്ലെങ്കിൽ സർക്കാർ തന്നെ താഴെ വീഴുന്ന സ്ഥിതിയാണ്. പിന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പാർലമെന്‍റിന് ആറാഴ്ചത്തെ വേനലവധി തുടങ്ങുന്നത് വെള്ളിയാഴ്ചയാണ്. അതുവരെ കാത്തിരിക്കാൻ ലേബർ പാർട്ടി തീരുമാനിച്ചാൽ പുതിയ പ്രധാനമന്ത്രിക്ക് ബ്രക്‌സിറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.