പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. 48 വർഷത്തെ ബന്ധമാണ് ബ്രിട്ടൻ ഉപേക്ഷിച്ചത്. സ്വാതന്ത്രത്തിന്റെ നിമിഷമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസ് പ്രതികരിച്ചു.
ബ്രെക്സിറ്റ് കരാർ പ്രകാരം യൂറോപ്യൻ യൂനിയനുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധം ഡിസംബർ 31ന് അവസാനിച്ചതോടെ ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും ശേഷമാണ് നടപടി. ബ്രിട്ടീഷ് പാർലമെൻറിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയും അനുമതി നൽകിയിരുന്നു. ഇതോടെ ബിൽ നിയമമായി.
ബ്രിട്ടൻ യൂറോപ്പിൽനിന്ന് 2020 ജനുവരിയിൽ വേർപ്പെട്ടതാണ്. ഇന്നു മുതൽ ഒരു ബന്ധവുമില്ല. വ്യാപാര കാര്യങ്ങൾക്കായി ബ്രിട്ടനും യൂറോപ്പും കരാറുണ്ടാക്കിയിട്ടുണ്ട്.
യൂറോപ്യൻ യൂനിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഏർപ്പെടാനാകുമെന്നതാണ് ബ്രെക്സിറ്റ് കരാറിന്റെ പുതുമ. അമേരിക്ക, ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ ബ്രെക്സിറ്റിനു മുമ്പ് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ ലഭിച്ച സ്വാതന്ത്ര്യം യു.കെയുടെ സമ്പദ്വ്യവസ്ഥയെ ഉയരങ്ങളിലെത്തിക്കുമെന്ന വാദമാണ് ബ്രെക്സിറ്റ് അനുകൂലികൾ ഉന്നയിച്ചിരുന്നത്.