
വിദ്വേഷ പരാമര്‍ശങ്ങളുമായി ബിജെപി നേതാവ് രാഘവേന്ദ്ര പ്രതാപ് സിങ്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ചാണ് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രാഘവേന്ദ്ര പ്രതാപ് സിങ് വിദ്വേഷപരമായ പ്രസ്താവനകള്‍ നടത്തിയത്. മുസ്ലിം പെണ്‍കുട്ടികളെ ‘കൊണ്ടുവരുന്ന’ ഹിന്ദു യുവാക്കള്‍ക്ക് പ്രതിഫലമായി ജോലി നല്‍കുമെന്നായിരുന്നു നേതാവിന്റെ പ്രസ്താവന. ഒക്ടോബര്‍ 16-ന് ധന്‍ഖര്‍പൂര്‍ ഗ്രാമത്തില്‍ നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിങ്ങിന്റെ പ്രസംഗം വര്‍ഗീയപരമായ ഒരു താരതമ്യത്തിലൂടെയാണ് മുന്നോട്ട് പോയത്. മുസ്ലിം യുവാക്കള്‍ രണ്ട് ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതം മാറ്റിയാല്‍, അതിന് പകരമായി ഹിന്ദുക്കള്‍ 10 മുസ്ലിം പെണ്‍കുട്ടികളെ ‘കൊണ്ടുവരണം’ എന്നായിരുന്നു പരാമര്‍ശം. ഇത്തരത്തില്‍ ചെയ്യുന്ന യുവാക്കളുടെ വിവാഹച്ചെലവുകള്‍ ബിജെപി വഹിക്കുമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ, മുന്‍ സര്‍ക്കാരുകളുടെ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ഇത്തരം നടപടികള്‍ ഭയമില്ലാതെ സ്വീകരിക്കാന്‍ സാധിക്കുമെന്നും രാഘവേന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കി.
എന്നാല്‍, ബിജെപി നേതാവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യുപി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍, മതവിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തെ വിഭജിക്കുകയും തൊഴിലില്ലാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ ബിജെപിയുടെ യഥാര്‍ത്ഥ രാഷ്ട്രീയത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി.