തിരുവനന്തപുരം: ഇടത് മാധ്യമങ്ങളും, സൈബര്‍ കേന്ദ്രങ്ങളും ഊതിപ്പെരുപ്പിച്ച പിണറായി ശോഭ മങ്ങുന്നു. എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവരം തെളിവുസഹിതം പ്രതിപക്ഷം പുറത്തുവിട്ടതോടെ പിണറായി വിജയനെന്ന നേതാവിന്റെ പ്രതിശ്ചായയില്‍ അണികള്‍ക്ക് പോലും സംശയം ഉയര്‍ന്നുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
സെപ്തംബര്‍ 4 നായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. പ്രതിപക്ഷനേതാവിന്റെ ആരോപണം ശെരിവക്കുന്ന വസ്തുതകള്‍ അനുദിനം പുറത്തുവന്നതോടെ പിണറായി വിജയന്‍ കെട്ടിപ്പൊക്കിയ പി ആര്‍ സാമ്രാജ്യം കടലാസ്‌കൊട്ടാരം പോലെ പൊളിഞ്ഞടുങ്ങുകയായിരുന്നു. ആര്‍എസ്എസ് – ബിജെപി ആശയങ്ങളെ എതിര്‍ക്കുന്ന ഒരേ ഒരു പാര്‍ട്ടി തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഓര്‍ക്കാപ്പുറത്തേറ്റ അടിയായിരുന്നു അജിത് കുമാറിന്റേതുള്‍പ്പെടെയുള്ള നേതാക്കന്മാരുടെ ആര്‍എസ്എസ് കൂടിക്കാഴ്ച. വാക്കില്‍ ഒന്നും പ്രവര്‍ത്തിയില്‍ മറ്റൊന്നുമുള്ള പിണറായി വിജയന്റെ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പൊയ്മുഖം അഴിഞ്ഞ് വീഴുകയാണ്.
ബിജെപിയുമായി ‘ഡീല്‍’ ഉണ്ടാക്കി തന്റെയും മകളുടെയും പേരിലുള്ള കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത് എന്ന ആക്ഷേപം പ്രതിപക്ഷം ഇതിനോടകം ഉന്നയിച്ചുകഴിഞ്ഞു. ഇത് ഇടത് മുന്നണിക്കുള്ളിലെ മറ്റു പാര്‍ട്ടികള്‍ക്ക് അത്ര രസിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രിസഭ യോഗത്തില്‍ തൃശൂര്‍ പൂരം അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്ന് ഒറ്റ സ്വരത്തില്‍ സിപിഐ മന്ത്രിമാര്‍ ചോദിച്ചതും, അജിത് കുമാറിനെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നതും പിണറായിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. റിപ്പോര്‍ട്ട് കിട്ടിയതേ ഉള്ളുവെന്നും ആഭ്യന്തര സെക്രട്ടറി പരിശോധിച്ചിട്ട് വേണ്ടത് ചെയ്യാം എന്ന ദയനീയ മറുപടി ആയിരുന്നു പിണറായിയുടേത്. എന്നാല്‍ ഇന്ന് ആ നിലപാടില്‍ നിന്നും മാറേണ്ടി വന്നു എന്നത് വസ്തുത.
പിണറായിയെ മുന്നില്‍ നിറുത്തി വോട്ട് ചോദിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ഇടതു കക്ഷികള്‍ക്ക് എല്ലാം ബോധ്യമായിരിക്കുകയാണ്. പ്രത്യേകിച്ച് സിപിഐക്ക്. പി.വി അന്‍വര്‍ തുറന്നുവിട്ട ആരോപണ ശരങ്ങള്‍ ഏല്‍ക്കുന്നത് മുഖ്യമന്ത്രിക്കാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്‍വറിന്റെ തുടര്‍ച്ചയായ പത്രസമ്മേളനങ്ങളില്‍ നേരത്തെ തന്നെ സംശയനിഴലില്‍ ആയ മുഖ്യമന്ത്രിയുടെ ഓഫിസ് മുഖ്യ വില്ലന്‍ റോളില്‍ ആയി. പി.ശശിയും അന്‍വറിന്റെ ആരോപണശരങ്ങള്‍ക്ക് പാത്രമായി.
ഇതോടെ അന്‍വറിനെ പൂട്ടാന്‍ പിണറായി നേരിട്ടിറങ്ങിയതോടെ അന്‍വര്‍ പറയുന്നതില്‍ കാര്യം ഉണ്ടെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു. പിണറായി വിരുദ്ധചേരി സിപിഎമ്മിലും, ഇടത് മുന്നണിക്കുള്ളിലും ശക്തിയാര്‍ജിക്കുന്നു എന്നതാണ് വാസ്തവം.
വയനാട്,പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, പിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയിലേക്ക് കടക്കുമ്പോള്‍ പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാല്‍ തോറ്റമ്പുമെന്ന പ്രതീതി ഇതിനോടകം തന്നെ മുന്നണിക്കുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞു. ചുരുക്കത്തില്‍ പിണറായി വിജയനെന്ന നേതാവിന്റെ കെട്ടിപ്പൊക്കിയ ഇമേജ് ഇടിയുന്നു എന്ന് ചുരുക്കം.