ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി വിജിലന്‍സ് എസ്പി

Jaihind News Bureau
Wednesday, May 21, 2025

 

ഇ ഡി ഏജന്റ് ചമഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൂചന. ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നുവെന്നും തട്ടിപ്പിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും വിജിലന്‍സ് എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ വിശദമായ പരിശോധന വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. ചില പഴയ കേസുകള്‍ റിവ്യൂ ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിക്കെതിരെ ഇഡി ചുമത്തിയ കേസ് ഒഴിവാക്കാനായിരുന്നു ശേഖര്‍ കുമാര്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടത്. ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിനും കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.