കോഴ വിവാദം : സുരേന്ദ്രനെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Jaihind Webdesk
Tuesday, June 8, 2021

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കോഴക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ സുന്ദരയ്ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ബദിയടുക്ക പോലീസ് ഇന്നലെയാണ് സുരേന്ദ്രനെ പ്രതി ചേർത്ത് കേസെടുത്തത്.

മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശന്‍റെ പരാതിയിലാണ് സുരേന്ദ്രനെതിരെ ബദിയടുക്ക പോലീസ് ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ സുരേന്ദ്രന്‍ കോഴ നല്‍കിയതായി ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദര വെളിപ്പെടുത്തിയിരുന്നു.  171 B, 171 E വകുപ്പുകൾ പ്രകാരമാണ് കെ സുരേന്ദ്രനെതിരെ  എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കൂടി ചേർക്കും. സുന്ദരയ്ക്ക് പണം കൈമാറിയ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കും.