ദുബായ് : കൊറോണ വൈറസ് പടരാതിരിക്കാന്‍ രാജ്യവ്യാപകമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, യുഎഇയിലെ സ്വകാര്യ മേഖലയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ഇനി വാര്‍ഷിക അവധി നേരത്തെ എടുക്കാമെന്ന് നിയമം പ്രഖ്യാപിച്ചു. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ”നേരത്തെയുള്ള അവധി” ( ഏര്‍ലി ലീവ് ) എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതോടെ, വേനല്‍ച്ചൂട് കാലമായ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിദേശികള്‍ എടുക്കുന്ന വാര്‍ഷിക അവധി ഇനി നേരത്തെ ആക്കാമെന്നും അധികൃതര്‍ പറഞ്ഞു. കൊവിഡിന് എതിരെ വരുംനാളുകളിലും രാജ്യത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നതിന്റെ സൂചനയായും ഈ പ്രഖ്യാപനത്തെ വിലയിരുത്തപ്പെടുന്നു. നിലവില്‍ സ്വകാര്യ മേഖലയിലെ നിരവധി കമ്പനികളെ ഇപ്പോഴത്തെ പ്രതിസന്ധി ബാധിച്ചിരുന്നു.
ഇക്കാലയളവില്‍ സ്വകാര്യ മേഖലകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക അവധികള്‍ നേരത്തെ എടുത്ത് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ഈ ഘട്ടത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് ഈ നിര്‍ദേശം. ഇതോടെ, ഇത്തരക്കാര്‍ക്ക് നാട്ടില്‍ അവധി ചെലവഴിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി), യുഎഇ വിദേശകാര്യ മന്ത്രാലയം, രാജ്യാന്തര സഹകരണ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഎംഎ) എന്നിവയുമായി സഹകരിച്ചും ഏകോപിപ്പിച്ചും ഈ സംരംഭം പ്രഖ്യാപിച്ചത്.