ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിദേശികള്‍ക്കായി യുഎഇ പൗരത്വ നിയമം പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശി സമൂഹത്തിലെ പ്രഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ പൗരത്വ നിയമം.
ഇതനുസരിച്ച്, രാജ്യത്തെ വിദേശികളായ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ധര്‍ക്കും പ്രഫഷണലുകള്‍ക്കും യുഎഇ പൗരത്വം അനുവദിക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതികള്‍ യുഎഇ അംഗീകരിച്ചു. ഇപ്രകാരം, യുഎഇയുടെ പുതിയ വികസന യാത്രയ്ക്ക് കാരണമാകുന്ന പ്രതിഭകളെ രാജ്യത്തേക്ക് കൂടുതല്‍ ആകര്‍ഷിപ്പിക്കുക എന്നതാണ് പുതിയ ലക്ഷ്യം. 2021 ഒക്ടോബറില്‍ ദുബായില്‍ എക്‌സ്‌പോ എന്ന ലോക വ്യാപാര മാമാങ്കം ആരംഭിക്കാന്‍ ഇരിക്കെയാണ് വിദേശികള്‍ക്ക് പൗരത്വം പ്രഖ്യാപിച്ചത്. നേരത്തെ വിദേശികള്‍ക്ക് പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വീസയും രാജ്യത്ത് നടപ്പാക്കിയിരുന്നു. പൗരത്വം സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ പുറത്തുവിടും.