ഫുട്ബോൾ ഇതിഹാസം ഗാരിഞ്ച ഓർമ്മയായിട്ട് 37 വർഷങ്ങൾ പിന്നിടുന്നു. 1983 ജനുവരി 20 ലാണ് ലോകമെമ്ബാടുമുള്ള ഫുട്ബോൾ പ്രേമികളെ ദു:ഖത്തിലാഴ്ത്തി ഗാരിഞ്ച ലോകത്തോട് വിടപറഞ്ഞത്. വളഞ്ഞ കാലുകളും അൽപം മുടന്തുമായി അദ്ദേഹം പന്ത് തട്ടിയപ്പോൾ പുതിയ ചരിത്രം എഴുതപ്പെടുകയായിരുന്നു.
1933 ഒക്ടോബർ മാസം ഇരുപത്തിയെട്ടാം തീയതി ബ്രസിലിലെ പാവു ഡി ഗ്രാൻഡെ എന്ന സ്ഥലത്താണ് മാന്വൽ ഫ്രാൻസിസ്കോ ഡി സാന്റോസ് എന്ന ഗാരിഞ്ച ജനിച്ചത്. തികഞ്ഞ മദ്യപാനിയായ ഒരു പിതാവിന് കടുത്ത ദാരിദ്ര്യത്തിന്റെ നടുവിൽ ജനിച്ചുവീണ ആ ബാലനെ അതിലേറെ അലട്ടിയിരുന്നത് ആറു സെന്റീമീറ്ററുകളോളം നീളവ്യത്യാസമുള്ള അവന്റെ രണ്ടു കാലുകളായിരുന്നു. ഏവരുടെയും പരിഹാസങ്ങളേറ്റുവാങ്ങി ആ ബാല്യം മുന്നോട്ടുപോയി. വില്ലുപോലെ വളഞ്ഞ കാലുള്ള ഗാരിഞ്ചക്ക് തുടക്കത്തിൽ കളിക്കളങ്ങളിൽ ഒരു പകരക്കാരന്റെ സ്ഥാനമായിരുന്നു. പക്ഷെ അവനിലെ പ്രതിഭ തെളിയിക്കപ്പെടാൻ അതു തന്നെ ധാരാളമായിരുന്നു. തന്റെ ആദ്യ ക്ലബ്ബായ ബോട്ടഫൊഗോക്കുവേണ്ടിയുള്ള ഗാരിഞ്ചയുടെ പ്രകടനം കണ്ട ബ്രസീലിന്റെ ദേശീയ ടീമംഗമായിരുന്ന നിൽടോൺ സാന്റോസ് അവനെ ദേശീയ ക്യാംപിലെത്തിച്ചു. ആദ്യകാലത്തു സൂപ്പർ താരങ്ങളുടെ ബാഹുല്യം മൂലം സ്ഥിരമായി ടീമില് ഇടം നേടാനായില്ലെങ്കിലും 1958 ലോകകപ്പിലേക്കുള്ള ടീമിൽ ഗാരിഞ്ച ഇടംനേടി.
ലാറ്റിനമേരിക്കൻ ഫുട്ബോൾ ജന്മം നൽകിയ എക്കാലത്തെയും മികച്ച ഫുട്ബോളർമാരുടെ നിരയിലേക്ക് ഗാരിഞ്ച എന്ന പേരും എഴുതിച്ചേർക്കപ്പെട്ടു. 1962 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പെലേക്കു പരിക്കേറ്റത് ബ്രസീലിനു കനത്ത തിരിച്ചടിയായികണക്കാക്കപ്പെട്ടു. പക്ഷെ ഗാരിഞ്ച എന്ന പോരാളി തോൽക്കാൻ തയാറായിരുന്നില്ല. അസാമാന്യ ഡ്രിബ്ലിങ് മികവിലൂടെ ഗോളടിച്ചും അടിപ്പിച്ചും ഗാരിഞ്ച ടീമിനെ മുന്നോട്ടു നയിച്ചു. തുടർച്ചയായ തങ്ങളുടെ രണ്ടാം ലോകകിരീടം ബ്രസീലിനു നേടിക്കൊടുക്കുമ്ബോൾ ഗാരിഞ്ച ബ്രസീലുകാർക് വീരപുരുഷനായി മാറിയിരുന്നു.1973 ഡിസംബർ 19ആം തീയതി നടന്ന ബ്രസീൽ ് െലോക ഇലവൻ ഫെയർവെൽ മാച്ചോടുകൂടെ കളിക്കളത്തോടു വിടപറഞ്ഞ ഗാരിഞ്ച ലിവർ സിറോസിസ് എന്ന മദ്യജന്യ രോഗം മൂലം 1983 ജനുവരി 20നു തന്റെ നാല്പത്തിയൊന്പതാം വയസ്സിൽ ഭൂമിയോടും വിട പറഞ്ഞു.