ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍

 

ന്യൂഡല്‍ഹി/കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ തുക കെട്ടിവെക്കണം. തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക കാരണമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ തുക ഉപയോഗിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ നിർദേശിച്ചു.

തീ അണയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും പൂർണ്ണ പരാജയമായെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവുകളും മാലിന്യ നിർമാർജന ചട്ടങ്ങളും ലംഘിച്ചു. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു.

അതേസമയം 100 കോടി രൂപ പിഴയടക്കാനുള്ള സാമ്പത്തികശേഷി കൊച്ചി കോർപ്പറേഷനില്ലെന്നും അപ്പീൽ പോകുമെന്നും കൊച്ചി മേയർ അനിൽ കുമാർ അറിയിച്ചു. സംസ്ഥാന സർക്കാരിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നടത്തിയത്. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണെന്നും മോശം ഭരണമാണ് ഈ സ്ഥിതിക്കു കാരണമെന്നും വേണ്ടിവന്നാല്‍ 500 കോടി പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ പറഞ്ഞിരുന്നു.

Comments (0)
Add Comment