ബ്രഹ്മപുരം വീണ്ടും കത്തുന്നു: സെക്ടർ ഒന്നില്‍ തീപിടിത്തം; ആശങ്കയുടെ പുക വീണ്ടും

Jaihind Webdesk
Sunday, March 26, 2023

കൊച്ചി:  ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ  സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുക ഉയർന്നിട്ടുണ്ട്.

ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ എൻ.എസ്.കെ ഉമേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ ഇക്കഴിഞ്ഞ മാർച്ച് ഒന്നിനുണ്ടായ തീപിടിത്തത്തിന് പിന്നാലെ വലിയ വിവാദങ്ങളും ആശങ്കകളും ഉയർന്നിരുന്നു.  ആദ്യമുണ്ടായ തീപിടിത്തം മാർച്ച് 13 നാണ് നിയന്ത്രണവിധേയമാക്കാനായത്. കരാർ നല്‍കിയ കമ്പനിയുള്‍പ്പെടെ വിവാദത്തില്‍ ഇടംപിടിച്ചു. നിരവധി പേർക്ക് ആരോഗ്യപ്രശ്നമുണ്ടാക്കിയ സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ഈടാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും തിപിടിത്തമുണ്ടായത് പരിസരവാസികളില്‍ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.