ബ്രഹ്‌മഗിരി തട്ടിപ്പ് അന്വേഷിക്കണം; സജി ചെറിയാനെതിരേ നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, January 21, 2026

 

മന്ത്രി സജി ചെറിയന്‍ ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ച വിവാദ പ്രസ്താവന പിന്‍വലിച്ചതുകൊണ്ടു തീരുന്ന പ്രശ്‌നമല്ലെന്നും അദ്ദേഹത്തിനെതിരേ പാര്‍ട്ടിയും സര്‍ക്കാരും നടപടി എടുക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. കേരളത്തിന്റെ സാംസ്‌കാരിക മന്ത്രിയായ അദ്ദേഹം വര്‍ഗീയതയ്ക്ക് തീകൊളുത്തുകയാണ് ചെയ്തത്. നേരത്തെ ഭരണഘടനയെ അവഹേളിച്ച ഈ മന്ത്രിയാണ് ഇപ്പോള്‍ കേരളത്തിന്റെ മതേതരത്വത്തെയും സാംസ്‌കാരിക തനിമയെയും ചോദ്യം ചെയ്തത്. സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരേ നിയമസഭയക്ക്കത്തും പുറത്തും യുഡിഎഫ് സമരം തുടരും.

സ്വര്‍ണക്കൊള്ളയുടെ അന്വേഷണം ഹൈക്കോടതിയുടെ നേതൃത്വത്തില്‍ നടന്നിട്ടും ഉന്നതരിലേക്ക് അത് എത്തുന്നില്ല. മന്ത്രിയേയും ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തുള്ള ചിലരെയും ചോദ്യം ചെയ്തത് പരമ രഹസ്യമായിട്ടാണ്. ചോദ്യം ചെയ്യലിനെ മുന്‍ മന്ത്രി വിശേഷിപ്പിച്ചത് അഭിമുഖം എന്നാണ്. ചോദ്യം ചെയ്യലിനു ശേഷം പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഏത് ഏജന്‍സി അന്വേഷിക്കുന്നതിലും എതിരല്ല.

വയനാട്ടില്‍ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ ഗുരുതര ക്രമക്കേടുകളും കോടികളുടെ കള്ളപ്പണം വെളിപ്പിക്കലും നടന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ സൊസൈറ്റിയില്‍ ബോര്‍ഡ് അംഗങ്ങളാണ്. മുന്‍ എംഎല്‍എ മാരുമൊക്കെ ഇതില്‍ പങ്കാളികളാണ്. ചാക്കില്‍ കള്ളപ്പണം കടത്തി പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ബ്രഹ്‌മഗിരിയില്‍ നിക്ഷേപിച്ച് വെളുപ്പിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ഒത്താശയോടെ ഇത്രയേറെ വെട്ടിപ്പും തട്ടിപ്പും നടന്നിട്ടും സംഘത്തെ സര്‍ക്കാര്‍ വീണ്ടും വഴിവിട്ടു സഹായിക്കുകയാണ്. ഇതേക്കുറിച്ച് വസ്തുനിഷ്ടമായ അന്വേഷണം വേണം. നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാനുള്ള നടപടികളും വേണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.