CONGRESS| ബൂത്ത് കുറയ്ക്കല്‍: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു

Jaihind News Bureau
Sunday, July 20, 2025

സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പ്രക്രിയ സുഗമമാക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഒരാവശ്യവും അംഗീകരിക്കാത്ത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കെപിസിസി ഭാരവാഹി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ, വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന മിഷന്‍ 25 ജില്ലാ ചുമതലയുള്ള നേതാക്കളുടെയും കോര്‍പ്പറേഷന്‍ ചുമതലയുള്ള നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.

വാര്‍ഡുകളുടെ എണ്ണം കൂട്ടാനും പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയ്ക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്താന്‍ പഞ്ചായത്തില്‍ പരമാവധി ഒരു പോളിംഗ് സ്റ്റേഷനില്‍ 1100 ഉം മുന്‍സിപ്പാലിറ്റിയില്‍ 1300 ഉം വോട്ടര്‍മാരായി നിജപ്പെടുത്തണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ പഞ്ചായത്തില്‍ 1300 ഉ നഗരസഭയില്‍ 1600 ഉം ക്രമത്തില്‍ വോട്ടര്‍മാരുടെ എണ്ണം നിജപ്പെടുത്തുകയാണ് കമ്മീഷന്‍ ചെയ്തത്. പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടുന്നതിനു പകരം 4000 പോളിംഗ് ബൂത്തുകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്ത്. വോട്ടര്‍മാരെ സഹായിക്കുന്നതിനു പകരം മനപൂര്‍വം ദോഹിക്കുകയാണ്. രാഷ്ട്രീയദുഷ്ടലാക്കോടെ ഭരണകക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണിതു ചെയ്തത്.

പഞ്ചായത്തുകളില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകളിലേക്കായി 3 വോട്ടുകള്‍ രേഖപ്പെടുത്തേണ്ട സാഹചര്യം ഉള്ളപ്പോഴാണ് കമ്മീഷന്റെ ഈ നടപടി. ജനങ്ങളുടെ ജനാധിപത്യപരമായ വോട്ടവകാശം നിഷേധിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിലൂടെ ഓരോ പോളിംഗ് ബൂത്തിലും നീണ്ട ക്യൂ സൃഷ്ടിക്കും. പലരും വോട്ട് ചെയ്യാതെ പോകുന്ന സാഹചര്യം ഉണ്ടാകും. വോട്ടിംഗ് പ്രക്രിയ സുഗമമാക്കാനുള്ള ഒരു നടപടിയും ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിക്കാത്തത് സംശയാസ്പദമാണെന്നും കെപിസിസി യോഗം കുറ്റപ്പെടുത്തി.

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് അതുതെളിവായി സ്വീകരിച്ചുകൊണ്ട് പഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള ഹിയറിംഗില്‍ നിന്ന് ഒഴിവാക്കണം. പുനസംഘടിപ്പിക്കപ്പെട്ട വാര്‍ഡുകളിലെ കരടുവോട്ടര്‍ പട്ടികയിലുള്ളവര്‍ അതിന്റെ പരിധിയിലുള്ളവരാണോയെന്നും പരിധിയിലുള്ള വോട്ടര്‍മാര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനുള്ള അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നങ്കിലും അതും കമ്മീഷന്‍ പരിഗണിച്ചില്ല.

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ തുല്യ ജനസംഖ്യ ഉറപ്പ് വരുത്തണമെന്നും അണ്‍ ഓതറൈസ്ഡ് വീടുകള്‍ കൂടി ജനസംഖ്യ തിട്ടപ്പെടുത്താന്‍ കണക്കാക്കണമെന്നും ആള്‍ താമസമില്ലാത്ത വീടുകളെയും ഫ്ളാറ്റുകളെയും ജനസംഖ്യ നിര്‍ണ്ണയിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.എന്നാല്‍ ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായിട്ടാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചതെന്നും കെപിസിസി യോഗം കുറ്റപ്പെടുത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു സ്വാഗതം പറഞ്ഞു.