നിങ്ങള്‍ അധ്യാപകനാണോ ?  സൗജന്യ വിമാനയാത്രക്ക് ബുക്ക് ചെയ്യൂ : അധ്യാപക ദിനത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഖ്യാപനം ; മലയാളികള്‍ക്കും അപേക്ഷിക്കാം

Jaihind News Bureau
Monday, October 5, 2020

ദോഹ : ഖത്തറില്‍ ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് , 21,000 അധ്യാപകര്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്സ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. കോവിഡ് സാഹചര്യത്തിലും യുവജനങ്ങള്‍ക്ക് അറിവ് പകരുന്നതില്‍ നിസ്തുല സേവനം കാഴ്ചവെച്ച അധ്യാപകരോടുള്ള ആദര സൂചകമായാണിത്. ഇന്ത്യ ഉള്‍പ്പടെ 75 രാജ്യങ്ങളിലെ അധ്യാപകര്‍ക്ക് ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് ലഭിക്കുക.

ടിക്കറ്റ് ബുക്കിങ്ങിനുള്ള റജിസ്ട്രേഷനായി നിശ്ചിത സമയവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 5 ന് ഖത്തര്‍ സമയം പുലര്‍ച്ചെ 4.00 മുതല്‍ ഒക്ടോബര്‍ 8 ന് പുലര്‍ച്ചെ 3.59 വരെയാണ് ബുക്കിങ് സമയം. ഖത്തര്‍ എയര്‍വേയ്സിന്റെ ലിങ്കില്‍ പ്രവേശിച്ച് വിജയകരമായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ കോഡ് ലഭിയ്ക്കും. ലിങ്കില്‍ വ്യവസ്ഥകളും നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രമോഷന്‍ കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 2021 സെപ്റ്റംബര്‍ 30 വരെയാണ് യാത്രാ കാലാവധി. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. നേരത്തെ ഒരു ലക്ഷം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കിയിരുന്നു.