‘കർണാടയിലെ ബിജെപി സര്‍ക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; 40% കമ്മീഷന്‍ സർക്കാർ’: കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Tuesday, April 25, 2023

 

മൈസൂർ: കർണാടകയിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബസവരാജ് ബൊമ്മൈ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയും വഞ്ചിക്കുകയുമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമവും വികസനവുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. മൈസൂരിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

ബൊമ്മൈ സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം. കർണാടകയിലെ ജനവിഭാഗത്തെ ദരിദ്രരായി തന്നെ നിലനിർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ സാമൂഹ്യ പരിഷ്കർത്താവും ലിംഗായത്ത് വിഭാഗത്തിന്‍റെ ആത്മീയാചാര്യനായ ബസവണ്ണയുടെ പേര് ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ നടപ്പിലാക്കിയവയാണ് ക്ഷീർ ഭാഗ്യ, അന്നഭാഗ്യ, കൃഷി ഭാഗ്യ, ഇന്ദിരാ ക്യാന്‍റീൻ പോലുള്ള പദ്ധതികൾ. സംസ്ഥാനത്തെ കരിമ്പ് കർഷകർ ഉള്‍പ്പെടെയുള്ളവർ ദുരിതത്തിലാണ്. പാവപ്പെട്ടവരെ സഹായിക്കാൻ തയാറാകാത്ത ബൊമ്മൈ സർക്കാർ വ്യവസായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സംവരണ കാര്യത്തിലും ബിജെപി നുണ പ്രചരിപ്പിക്കുകയാണ്. കർണാടകയുടെ പാലുൽപാദനമേഖലയെയും അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. നന്ദിനിക്ക് പകരം ഗുജറാത്തിലെ അമുൽ കർണാടകയിലെ മാർക്കറ്റിൽ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 40 ശതമാനം കമ്മീഷൻ സർക്കാരാണ് കർണാടക ഭരിക്കുന്നത്. കൊവിഡ് ഫണ്ട് വിനിയോഗം, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം തുടങ്ങിയവയിൽ ബൊമ്മൈ സർക്കാർ വൻ പരാജയമായി. ആശുപത്രികൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, മെട്രോ തുടങ്ങിവയൊന്നും നടപ്പാക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രതിമാസം 200 യൂണിറ്റ് വൈദ്യുതിയും 10 കിലോ അരിയും സൗജന്യമായി നൽകുമെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. തൊഴിൽ രഹിതരായ ബിരുദധാരികളായവർക്ക് പ്രതിമാസം 3000 രൂപയും സ്ത്രീകൾക്ക് 2000 രൂപയും നൽകും. കർണാടകയുടെ സമഗ്ര വികസനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. കർണാടകയിൽ നാളെയും പ്രിയങ്കാ ഗാന്ധി പ്രചാരണം നടത്തും.

കർണാടകയിലെ ഹൻഗാലിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയിരുന്നു. കർണാടകത്തിൽ കോൺഗ്രസ് 150 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും കർണായകയിലെ ഇപ്പോഴത്തെ 40 ശതമാനം കമ്മീഷൻ സർക്കാരിനെ 40 സീറ്റിലേക്ക് ഒതുക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 10 നാണ് കർണാടകയിലെ തെരഞ്ഞെടുപ്പ്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന കർണാടകയില്‍ വന്‍ വിജയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുന്നത്.