കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഒരു മരണം; സംഭവം കല്യാണവീട്ടിലെ തര്‍ക്കത്തിന് പിന്നാലെ

Jaihind Webdesk
Sunday, February 13, 2022

കണ്ണൂർ: തോട്ടടയിൽ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഹേമന്ത്, രജിലേഷ്, അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോട്ടടയിലെ കല്യാണവീടിന്‍റെ സമീപത്താണ് സംഭവമുണ്ടായത്. കല്യാണവീട്ടിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹ പാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ തലയോട്ടി ചിതറിയനിലയിലാണ്.

മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്നു. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ബോംബുമായി അക്രമിക്കാൻ വന്ന സംഘത്തിൽപ്പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. ശനിയാഴ്ച രാത്രിയുണ്ടായ തർക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തി. സമീപത്തെ വീടുകളിലെ സിസി സി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട ജിഷ്ണു.