തിരുവനന്തപുരത്ത്‌ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; നാലുപേര്‍ക്ക് പരിക്ക്‌

Jaihind Webdesk
Wednesday, April 3, 2024

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയില്‍ 17 കാരന്റെ ഇരുകൈപ്പത്തികളും അറ്റുപോയി. 17 കാരനായ അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അഖിലേഷ് എന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റിറ്റിട്ടുണ്ട്. പരിക്കേറ്റ നാലുപേരും ഗുണ്ടാ സംഘത്തില്‍പെട്ടവരെന്ന് പോലീസ്. നിസ്സാര പരിക്കുള്ള കിരണ്‍, ശരത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബോംബ് നിര്‍മ്മിച്ചത് പോലീസിന് നേരെ എറിയാനാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണ കേസ് നിലനില്‍ക്കുകയാണ്. പോലീസ് ഇവരെ അന്വേഷിച്ച് കഴിഞ്ഞ ദിവസം വീടുകളില്‍ പോയിരുന്നു. അതിനു പിന്നാലെയാണ് ബോംബ് നിര്‍മ്മാണവും പൊട്ടിത്തെറിയും ഉണ്ടായത്. തിരുവനന്തപുരം മണ്ണന്തല മുക്കോലയിലാണ് ബോംബ് നിര്‍മ്മാണവും പൊട്ടിത്തെറിയും ഉണ്ടായത്.