കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം

Jaihind Webdesk
Wednesday, June 19, 2024

 

തിരുവനന്തപുരം: കണ്ണൂർ തലശേരി എരഞ്ഞോളിയിലെ സ്ഫോടനം അടിയന്തര പ്രമേയമായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനും  ആഭ്യന്തര വകുപ്പിന്‍റെ നിഷ്ക്രിയത്വത്തിനും എതിരെയുള്ള ശക്തമായ പ്രതിഷേധമുയർത്തി. കുടിൽ വ്യവസായം പോലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമ്മാണം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ക്രിമിനൽ സംഘങ്ങൾക്ക് പോലീസും സർക്കാരും ഒത്താശ ചെയ്യുകയാണെന്നും ബോംബ് നിർമ്മാണം നിർത്തി സിപിഎം പരിഷ്കൃത സമൂഹത്തിന് അനുസൃതമായി ജീവിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയം ഭീതി വിതയ്ക്കുന്ന സാഹചര്യവും ബോംബ് സ്ഫോടന പരമ്പരകളും ഒന്നൊന്നായി നിരത്തിയാണ് സണ്ണി ജോസഫ് എംഎൽഎ വിഷയം സഭയിൽ അവതരിപ്പിച്ചത്. സിപിഎം നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിൽ ബോംബ് നിർമ്മാണം നടക്കുന്നതെന്നും പോലീസിനെ നിർവീര്യമാക്കി സ്ഫോടനങ്ങളുടെ തെളിവുകൾ സിപിഎം നശിപ്പിക്കുന്നതായി സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

കുടിൽ വ്യവസായം പോലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമ്മാണം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റെ നേതാക്കൾ തന്നെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് ക്രിമിനൽ സംഘങ്ങളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും ഉറവിടം കണ്ടെത്തുവാനുള്ള അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചതിനെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണ അനുമതി നിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.