സിപിഎം കേന്ദ്രത്തിലെ ബോംബ് സ്ഫോടനം; സമഗ്ര അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി

Jaihind News Bureau
Friday, September 4, 2020

 

കണ്ണൂർ: കതിരൂർ പൊന്ന്യത്ത് സിപിഎം ശക്തികേന്ദ്രത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ കുറിച്ച് ഉന്നത പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. നാടിന്‍റെ ശാന്തിയും സമാധാനവും തകർക്കുന്നതിനു വേണ്ടി വളരെ ബോധപൂർവ്വം സിപിഎം നേതൃത്വത്തിൽ പ്രവർത്തനം നടത്തുന്നു എന്നതിന് വ്യക്തമായ തെളിവാണ് സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിലൂടെ വെളിവാക്കപ്പെട്ടത്.

യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് കൂത്തുപറമ്പ് തലശ്ശേരി മേഖലകളിൽ നിരന്തരമായ റെയ്ഡും ആയുധങ്ങൾ പിടിച്ചെടുക്കലുമൊക്കെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്താറുണ്ടായിരുന്നു. പിണറായി ഗവൺമെന്‍റ് അധികാരത്തിൽ വന്നതിനുശേഷം ബോംബ് നിർമാണ കേന്ദ്രങ്ങളിൽ പരിശോധനയോ പാർട്ടി കേന്ദ്രങ്ങളിൽ ഉള്ള ആയുധ സംഭരണത്തെ കുറിച്ച് അന്വേഷണമോ  നടക്കാറില്ല.

സ്വർണ്ണക്കടത്ത് കേസും മയക്കു മരുന്ന് കേസും ഉൾപ്പെടെ സി.പി.എം നേതൃത്വം ജനകീയ കോടതിയിൽ പ്രതിക്കൂട്ടിൽ നില്‍ക്കുമ്പോൾ വെഞ്ഞാറമൂട് സംഭവത്തിന്‍റെ മറപറ്റി നാട്ടിൽ കലാപങ്ങൾ നടത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. ജനങ്ങൾക്ക് സമാധാനത്തോടെ നാട്ടിൽ ജീവിക്കാൻ അക്രമത്തിന് കോപ്പുകൂട്ടുന്നവരെ തുറങ്കിലടക്കാൻ ശക്തമായ നടപടികൾ ഉണ്ടായേ മതിയാവൂ. സി.പിഎമ്മിന് പാദസേവ ചെയ്യാത്ത ഉന്നത പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡ് നടത്തി സംഭരിക്കപ്പെട്ട ആയുധങ്ങൾ കസ്റ്റഡിയിൽ എടുക്കണമെന്നും ബോംബ് നിർമ്മാണത്തിന് സൗകര്യങ്ങളും സംവിധാനവുമൊരുക്കി കൊടുക്കുന്നതാരെന്ന് കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.