പയ്യന്നൂരില്‍ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎമ്മെന്ന് ആർഎസ്എസ് | VIDEO

Jaihind Webdesk
Tuesday, July 12, 2022

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറ്. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്രഭവന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആളപായമില്ല. ബോംബേറിന്‍റെ സിസി ടിവി  ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ബോംബേറ് ഉണ്ടായത്. ബോംബേറിൽ ഓഫീസിന്‍റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ഗ്രില്ലില്‍ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആരാണ് എറിയുന്നതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. ബോംബ് പൊട്ടി പുക ഉയരുന്നതാണ് ദൃശ്യത്തിലുള്ളത്. സ്ഫോടനത്തെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്ത് എത്തി. ആർഎസ്എസ് നേതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ പയ്യന്നൂർ രാമന്തളിയിലെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനായ ധനരാജിന്‍റെ ചരമവാർഷികം ഇന്നലെയായിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആർഎസ്എസ് നേതാക്കൾ ആരോപിച്ചു. ധനരാജ് കൊല്ലപ്പെട്ടപ്പോഴും ആർഎസ്എസ് ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.