‘അത് സലയാകരുതേ ..’ പ്രാര്‍ത്ഥനയോടെ ഫുട്ബോള്‍ ലോകം

Monday, February 4, 2019

Footballer-Sala-Missing

ഞായറാഴ്ച രാത്രിയോടെയാണ് കാണാതായ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തി എന്ന വാര്‍ത്ത എത്തിയത്.  ഫുട്‌ബോള്‍ പ്രേമികളുടെ രണ്ടാഴ്ചത്തെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്ത എത്തിയതോടെ ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്…. അത് സലയുടേതാകരുതേ എന്ന്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനല്‍ കടലിന്‍റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്‍റെ ഭാഗങ്ങള്‍ തിരച്ചില്‍ ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്‍റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘം കണ്ടെത്തിയത്. മൃതദേഹം സലയുടേതാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സലയുടേയും വിമാനത്തിന്‍റെ പൈലറ്റായിരുന്ന ഡേവിഡ് ഇബോട്ട്‌സണിന്‍റേയും കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സന്ദേശം എത്തിച്ചിട്ടുണ്ട്.

Footballer-Sala-Missing-Plane

കഴിഞ്ഞ മാസം 21-ആം തീയതിയാണ് ഫ്രാന്‍സിലെ നാന്‍റെസില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ വിമാനം കാണാതായത്.

വൈകുന്നേരം 7.15-ന് പുറപ്പെട്ട വിമാനം രാത്രി 8.30 വരെ വിമാനം റഡാറിന്‍റെ പരിധിയിലുണ്ടായിരുന്നുവെന്നും എന്നാല്‍ ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം അപ്രത്യക്ഷമായി എന്നുമാണ് റിപ്പോര്‍ട്ട്.

വിമാനം കാണാതായ ശേഷം നേരിയ പ്രതീക്ഷ നല്‍കിയത് സലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്‍റെ ഓഡിയോ പുറത്തുവന്നതാണ്. പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രാ മദ്ധ്യേയാണ് സല സഞ്ചരിച്ച ചെറുവിമാനം അപകടത്തില്‍പെട്ടത്.