പ്രവാസിയായ പനങ്ങായ് അബൂബക്കര്‍ ഹാജിയുടെ വിട വാങ്ങലില്‍ ഉള്ളുതൊടുന്ന കുറിപ്പുമായി സംവിധായകന്‍ ഷെബി ചൗഘട്ട്

Jaihind News Bureau
Wednesday, July 30, 2025

 

ഗുരുവായൂരിലെ പ്രവാസിയായ പനങ്ങായ് അബൂബക്കര്‍ ഹാജിയുടെ വിട വാങ്ങലിനെക്കുറിച്ച് ഉള്ളുതൊടുന്ന കുറിപ്പുമായി സംവിധായകന്‍ ഷെബി ചൗഘട്ട്. ഏറ്റവും സാധാരണമായ ജീവിത സാഹചര്യത്തില്‍ നിന്ന് പൊരുതി വളര്‍ന്നു വന്ന വ്യക്തിയാണ് പനങ്ങായി അബൂബക്കര്‍ ഹാജി എന്ന് ഷെബി ചൗഘട്ട് പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ ആദ്യകാല അനുഭവങ്ങള്‍ പലപ്പോഴും തന്നോട് പങ്കു വയ്ക്കുമായിരുന്നുവെന്നും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹ സൗഹാര്‍ദ്ദങ്ങള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹവുമായി വ്യക്തിപരമായി തനിക്ക് ഏറെ കാലത്തെ അടുപ്പമുണ്ടെന്നും ഷെബി ചൗഘട്ട് കൂട്ടിച്ചേര്‍ത്തു.

ഷെബി ചൗഘട്ടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പുതിയ സിനിമയുടെ ആവശ്യവുമായി ചെന്നൈയില്‍ ആയിരുന്ന ഞാന്‍ തിരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ചാര്‍ജ് തീര്‍ന്ന് ഫോണ്‍ ഓഫ് ആയിരുന്നു. വീട്ടിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം ഞാന്‍ കുളിയ്ക്കാന്‍ പോയി. പിന്നീട് ഫോണ്‍ ഓണ്‍ ആക്കിയപ്പോഴാണ് ഗുരുവായൂരിലെ ബാസുരി ഇന്‍ സ്ഥാപകനും ആദ്യ കാല ഖത്തര്‍ പ്രവാസികളില്‍ ഒരാളുമായ ശ്രീ. അബൂബക്കര്‍ ഹാജി വിട പറഞ്ഞ വിവരം അറിഞ്ഞത്. ഏറ്റവും സാധാരണമായ ജീവിത സാഹചര്യത്തില്‍ നിന്ന് പൊരുതി വളര്‍ന്നു വന്ന വ്യക്തിയാണ് പനങ്ങായി അബൂബക്കര്‍ക്ക. പ്രവാസ ജീവിതത്തിന്റെ ആദ്യകാല അനുഭവങ്ങള്‍ പലപ്പോഴും എന്നോട് പങ്കു വയ്ക്കുമായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹ സൗഹാര്‍ദ്ദങ്ങള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹവുമായി വ്യക്തിപരമായി എനിക്കും ഏറെ
കാലത്തെ അടുപ്പമുണ്ട്.

2004 ല്‍ എന്റെ വീടിന്റെ മുന്നില്‍ സോന ബസാര്‍ എന്നൊരു ജൂവലറി ആരംഭിച്ചു. ആ സമയം ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിലെ പഠിത്തം ഒക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുകയായിരുന്നു. ജൂവലറിയുടെ പരസ്യം കിട്ടുമോ എന്നറിയാന്‍ അതിന്റെ എം ഡി സത്താറിനോട് അന്വേഷിച്ചപ്പോഴാണ് സോനാ ബസാറിന്റെ പരസ്യത്തിന്റെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത് ഫുവാദ് പനങ്ങായ് ആണെന്ന് അറിഞ്ഞത്. അങ്ങനെ ഞാന്‍ ഗുരുവായൂരിലേക്ക് ബസ് കയറി. ഫുവാദ് പനങ്ങായിയെ കാണാന്‍ ബാസുരി ഇന്നിന്റെ റിസപ്ഷനില്‍ വെയിറ്റ് ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛന്‍ അബൂബക്കര്‍ ഹാജിയെ ആദ്യമായ് ഞാന്‍ കാണുന്നത്. വെള്ള വസ്ത്രം ധരിച്ച് പുഞ്ചിരി തൂകി എന്റെ മുന്നില്‍ എത്തിയ അദ്ദേഹം വളരെ മുന്‍പേ പരിചയം ഉള്ള പോലെ എന്നോട് സംസാരിച്ചു. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ സോനാ ബസാറിന്റെ പരസ്യം എനിക്ക് കിട്ടി.

പണ്ടൊരിക്കല്‍ പി ടി കുഞ്ഞുമുഹമ്മദിനോട് ഞാന്‍ അദ്ദേഹത്തതിന്റെ അസിസ്റ്റന്റ് ആകാനുള്ള താല്പര്യം അറിയിച്ചിരുന്നു. എന്റെ ആവശ്യം അദ്ദേഹം പരിഗണിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ ബാസുരി ഇന്നില്‍ വെച്ച് കാണുകയുണ്ടായി. പഴയ നീരസം മനസ്സില്‍ ഉള്ളതിനാല്‍ അദ്ദേഹം വന്നപ്പോള്‍ ഞാന്‍ എണീറ്റില്ല. അത് ശ്രദ്ധിച്ച അബൂബക്കര്‍ ഹാജി എന്നോട് കാര്യം ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഉപദേശിച്ചു. മറ്റുള്ളവര്‍ നമ്മളോട് എങ്ങനെ പെരുമാറിയാലും തിരിച്ച് അവരോട് മാന്യമായി പെരുമാറണം എന്ന പാഠം എന്നെ അദ്ദേഹം പഠിപ്പിച്ചു. മയ്യത്ത് നിസ്‌കാരത്തിന് ഉസ്താദ് അദ്ദേഹത്തെ ക്കുറിച്ച് പ്രസംഗിച്ചു. ആഡംബരക്കാറില്‍ യാത്ര ചെയ്യുമ്പോഴും റോഡില്‍ പരിചയക്കാരെ കണ്ടാല്‍ പ്രായഭേദമെന്യേ, വലുപ്പച്ചെറുപ്പമില്ലാതെ അവരോട് സംസാരിച്ച്, അവര്‍ക്ക് പോകേണ്ട സ്ഥലത്ത് എത്തിക്കുന്ന അബൂബക്കര്‍ ഹാജിയെക്കുറിച്ച് ഉസ്താദ് പറഞ്ഞപ്പോള്‍ മയ്യത്ത് നിസ്‌കാരത്തിന് വന്ന ജനസാഗരത്തിന് പിന്നിലെ കാരണം എനിക്ക് മനസ്സിലായി. അബൂബക്കര്‍ ഹാജിയുടെ സ്‌നേഹവും കരുണയും അനുഭവിച്ച ഒരു വലിയ ജനസമൂഹത്തില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.

കുടുംബ ബന്ധങ്ങള്‍ക്ക് വില കല്പിക്കാനും, കുടുംബത്തിന് പ്രാധാന്യം നല്‍കാനും അദ്ദേഹത്തിന്റെ അനുഭവ കഥകള്‍ എനിക്ക് പ്രചോദനം ആയിട്ടുണ്ട്. കുടുംബത്തിന് അദ്ദേഹം നല്‍കിയ പ്രാധാന്യം കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ അവസാന നാള്‍ വരെയും കുടുംബം മുഴുവന്‍ ഒപ്പം ഉണ്ടായിരുന്നു. കാരുണ്യം ഉള്ളവര്‍ക്കാണ് പടച്ചോന്‍ കാരുണ്യം നല്‍കുക. അങ്ങനെ എങ്കില്‍ തീര്‍ച്ചയായും അബൂബക്കര്‍ ഹാജിക്ക് പരമകാരുണികന്റെ കാരുണ്യം തീര്‍ച്ചയായും ലഭിക്കും. ഇനി അദ്ദേഹവുമായി ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂടാന്‍ തൗഫീക്ക് നല്‍കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. പടച്ചോന്‍ അദ്ദേഹത്തിന്റെ ഖബര്‍ വിശാലമാക്കി കൊടുക്കട്ടെ?? സസ്‌നേഹം ഷെബി ചൗഘട്ട്.