ATHULYA| ഷാര്‍ജയില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യും

Jaihind News Bureau
Wednesday, July 30, 2025

ഷാര്‍ജയില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുവന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. അതുല്യയുടെ മരണത്തില്‍ ഷാര്‍ജയിലും നാട്ടിലും ബന്ധുക്കള്‍ നിയമ നടപടികള്‍ തുടരുകയാണ്.

ജൂലൈ 19-നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ആത്മഹത്യയാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അതുല്യയുടെ കുടുംബം ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും പിതാവ് രാജശേഖരന്‍ പിള്ളയും മറ്റ് ബന്ധുക്കളും ഉറച്ചു വിശ്വസിക്കുന്നു. സതീഷിനെതിരെ കേരളത്തില്‍ കൊലപാതകക്കുറ്റം, സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകളും, ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് തെക്കുംഭാഗം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുകയാണ്. ശാസ്താംകോട്ട സ്വദേശിയായ ഭര്‍ത്താവ് സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.