ബംഗളുരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്ത് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂർ-ഹോന്നവാര കടലിലാണ് ഒഴുകിനടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച നിലയിലുള്ള പുരുഷന്‍റെ മൃതദേഹം കാലില്‍ വല കുരുങ്ങിയ നിലയിലാണ്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തുനിന്ന് 25 കിലോമീറ്റർ അകലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവാലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം ഡിഎന്‍എ പരിശോധന നടത്തണമെന്ന് മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ അർജുന്‍റെ കുടുംബം ആവശ്യപ്പെട്ടു.