തൃശൂർ ചേറ്റുവയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Jaihind Webdesk
Wednesday, August 3, 2022

തൃശൂർ: ചേറ്റുവയിൽ അപകടത്തിൽ പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട നാലു പേർ നീന്തി രക്ഷപ്പെട്ടിരുന്നു.

തീരത്ത് നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ തിങ്കളാഴ്ച വൈകിട്ട് യന്ത്രം തകരാറായതിനെ തുടർന്ന് വഞ്ചി മറിഞ്ഞായിരുന്നു അപകടമുണ്ടായത്.

ബ്ലാങ്ങാട് ബീച്ചിൽ നിന്നാണ് ആറംഗ സംഘം കടലിൽ പോയത്. ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിന് സമീപത്തുവെച്ചാണ് വഞ്ചി മറിഞ്ഞത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവർ അപകടത്തിൽ പെട്ട വഞ്ചിയിൽ നിന്ന് പ്രതികൂല സാഹചര്യത്തിലും നീന്തിക്കയറി രക്ഷപ്പെട്ടു. മണിയൻ, ഗിൽബർട്ട് എന്നിവർക്ക് രക്ഷപ്പെടാനായില്ല.

ആദ്യം കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ വന്ന് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോസ്റ്റ് ഗാർഡിന്‍റെ കപ്പലും തെരച്ചിലിനായി ഇറങ്ങി. ഇവരുടെ തകര്‍ന്ന ഫൈബർ വഞ്ചിയും വലയും ഉൾപ്പടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കരയ്ക്കടിഞ്ഞിരുന്നു.