യെമന്‍ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 പേര്‍ മരിക്കുകയും 74 പേരെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷന്‍ ഏജന്‍സി സ്ഥിരീകരിച്ചു. 154 യാത്രക്കാരുമായി ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ യെമനിലെ അബ്യാന്‍ പ്രവിശ്യയിലെ ഏദന്‍ ഉള്‍ക്കടലിലാണ് അപകടം നടന്നത്.
അപകടത്തില്‍പ്പെട്ടവരില്‍ 10 പേരെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. ഇവരില്‍ ഒമ്പത് പേര്‍ എത്യോപ്യന്‍ പൗരന്മാരും ഒരാള്‍ യെമന്‍ പൗരനുമാണ്. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ മേധാവി അബ്ദുസത്തര്‍ എസോവാണ് ദുരന്തവിവരം പുറത്തുവിട്ടത്.
ഹോണ്‍ ഓഫ് ആഫ്രിക്കയ്ക്കും യെമനും ഇടയിലുള്ള ഈ കടല്‍ പാത ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതകളിലൊന്നാണെന്ന് ഐ.ഒ.എം അറിയിച്ചു. എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സൗദി അറേബ്യയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ തേടി ഈ വഴി പതിവായി സഞ്ചരിക്കാറുണ്ട്.
2024-ല്‍ ഏകദേശം അറുപതിനായിരത്തിലധികം കുടിയേറ്റക്കാര്‍ യെമനിലേക്ക് കടന്നതായാണ് ഐ.ഒ.എം-ന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം ഈ പാതയില്‍ 558 പേര്‍ മരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുറഞ്ഞത് 2,082 കുടിയേറ്റക്കാരെയെങ്കിലും കാണാതായെന്നും, ഇതില്‍ 693 പേര്‍ മുങ്ങിമരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഏകദേശം 3,80,000 അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും യെമനില്‍ ഉണ്ടെന്നാണ് ഐ.ഒ.എം കണക്കാക്കുന്നത്. 2014-ല്‍ യെമനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ആയിരക്കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ സുരക്ഷിതമായി രാജ്യം വിടാനും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനും ഈ പാത ഉപയോഗിച്ചുവരുന്നു.